കെസിആറിനെ മലർത്തിയടിച്ച് രേവന്ത് റെഡ്ഡി; അൾട്ടിമേറ്റ് ഹീറോ ഓഫ് തെലങ്കാന, കോൺഗ്രസിന്റെ തലവര മാറ്റിയ ക്യാപ്റ്റൻ
ഹൈദരാബാദ്: തെലുങ്കുദേശം പാർട്ടിയിൽ നിന്നും രാഷ്ട്രീയ തന്ത്രം പഠിച്ചിറങ്ങിയ രേവന്ത് റെഡ്ഡി 2017ൽ കോൺഗ്രസിലേക്ക് എത്തുമ്പോൾ കെസിആർ സ്വപ്നത്തിൽ പോലും കരുതിക്കാണില്ല അദ്ദേഹത്തിന്റെ ഈ വളർച്ച. കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പ് പരാജയത്തോടെ ഉത്തംകുമാർ റെഡ്ഡി പാർട്ടി അദ്ധ്യക്ഷ സ്ഥാനം ഒഴിഞ്ഞതോടെയാണ് കോൺഗ്രസിന്റെ തലപ്പത്തേക്ക് രേവന്ത് റെഡ്ഡിയുടെ വരവ്. ചുരുക്കിപ്പറഞ്ഞാൽ ആ വരവ് ശരിക്കും ഒരു ഒന്നൊന്നര വരവായിരുന്നു.
സംസ്ഥാനത്ത് വീണ്ടും അധികാര തുടർച്ചയെന്ന കെസിആറിന്റെ സ്വപ്നം രണ്ടായി മടക്കാൻ മുന്നിൽ നിന്ന് പണിയെടുത്തത് രേവന്ത് റെഡ്ഡി എന്ന 54കാരനാണ്. അദ്ധ്യക്ഷ പദവിയും വഹിച്ച് നേതൃസ്ഥാനത്തിരിക്കാൻ മാത്രമല്ല, ജനങ്ങൾക്കൊപ്പവും തെരുവുകൾക്കൊപ്പവും ഇറങ്ങി പ്രവർത്തിക്കാൻ റെഡ്ഡി മുന്നിലുണ്ടായിരുന്നു. മുതിർന്ന നേതാക്കളുടെ പ്രതിഷേധം വകവയ്ക്കാതെ ദേശീയ നേതൃത്വവും റെഡ്ഡിക്കൊപ്പം കട്ടയ്ക്ക് കൂടെ നിന്നു. മാസങ്ങൾക്ക് കൊണ്ട് തന്നെ റെഡ്ഡി തെലങ്കാനയിൽ കോൺഗ്രസിന്റെ ജനകീയ മുഖമായി മാറി.
സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരം വളർത്തിയെടുക്കാൻ രേവന്ത് റെഡ്ഡി പ്രവർത്തകർക്കൊപ്പം കൂടെ നിന്നു. മുഖ്യമന്ത്രിയുടെയും സംസ്ഥാന സർക്കാരിന്റെയും ഏറ്റവും വലിയ വിമർശകനായി റെഡ്ഡി മാറി. അടുത്തിടെ കെസിആറിന്റെ മകനെതിരെ നടത്തിയ വിമർശനം ഏറെ ചർച്ചയായിരുന്നു. ഞാൻ മെറിറ്റ് കോട്ടയിലാണ് വന്നതെന്നും അദ്ദേഹത്തിന്റെ മകൻ മാനേജ്‌മെന്റ് ക്വാട്ടയിലാണെന്നും രേവന്ത് റെഡ്ഡി പറഞ്ഞിരുന്നു.
ഇതോടൊപ്പം കെസിആറിനെ നേരിടാൻ ഏറ്റവും അനുയോജ്യനായ നേതാവ് രേവന്ത് റെഡ്ഡിയാണെന്ന ഹൈക്കമാൻഡിന്റെ വിലയിരുത്തൽ അക്ഷരം തെറ്റാതെ ശരിയായ കാഴ്ചയാണ് ഫലം വരുമ്പോൾ കാണുന്നത്. രാജ്യത്ത് ഏറ്റവും കൂടുതൽ വോട്ടർമാരുള്ള മൽകജ്ഗിരി ലോക്സഭാ മണ്ഡലത്തിൽ (2019ലെ കണക്കനുസരിച്ച് വോട്ടർമാർ 31,50,303) നിന്നുള്ള എംപിയാണ് രേവന്ത്. കാമറെഡ്ഡി മണ്ഡലത്തിൽ ജനത്തെ ഇളക്കിമറിച്ച് പ്രചാരണം നടത്തിയപ്പോൾ ബിആർഎസ് ശരിക്കും ഭയന്നിരുന്നു. കെസിആറിനെതിരെ നിരന്തരം ആരോപണങ്ങളുന്നയിക്കുന്ന നേതാവെന്ന നിലയിൽ ഭരണവിരുദ്ധ വോട്ടുകൾ രേവന്തിന് ലഭിക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്.
നിലവിൽ രണ്ട് മണ്ഡലങ്ങളിലാണ് രേവന്ത് റെഡ്ഡി മത്സരിക്കുന്നത്. കാമറെഡ്ഡിയിൽ കെസിആറിനെതിരെ മത്സരിച്ച രേവന്ത് റെഡ്ഡി മുന്നേറുകയാണ്. രണ്ടാമത്തെ മണ്ഡലമായ കൊടങ്കിലിലും രേവന്ത് റെഡ്ഡി തന്നെയാണ് ലീഡ് ചെയ്യുന്നത്. സംസ്ഥാനത്ത് കോൺഗ്രസ് അധികാരത്തിൽ എത്തുന്നതോടെ മുഖ്യമന്ത്രി സ്ഥാനത്തേക്കും രേവന്ത് റെഡ്ഡിക്ക് തന്നെയാണ് കൂടുതൽ സാദ്ധ്യത. രാഹുൽ ഗാന്ധി അടക്കം പങ്കെടുത്ത രേവന്ത് റെഡ്ഡിയുടെ മണ്ഡല യോഗങ്ങളിൽ ജനങ്ങളിൽ നിന്നും ഈ ആവശ്യം ഉയർന്നിരുന്നു. തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ആദ്യനാളുകളിൽ മറ്റ് കോൺഗ്രസ് സ്ഥാനാർത്ഥികളുടെ പ്രചാരണത്തിലെന്ന പോലെ രേവന്തിന്റെ പ്രചരണ യോഗത്തിലും ആദ്യത്തെ മുദ്രവാക്യം ഇത് തന്നെയായിരുന്നു.
കോൺഗ്രസിലേക്കുള്ള വരവ്
2009, 2014 തിരഞ്ഞെടുപ്പുകളിൽ കൊടങ്കലിൽ നിന്നുള്ള ടിഡിപി എംഎൽഎ ആയിരുന്നു രേവന്ത്. 2017 ൽ കോൺഗ്രസിൽ ചേർന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ടിആർഎസിലെ പട്നം നരേന്ദ്ര റെഡ്ഡിയോട് 9319 വോട്ടിനു തോറ്റു. സിറ്റിംഗ് എംഎൽഎ നരേന്ദ്ര റെഡ്ഡി തന്നെയാണ് കോടങ്കലിൽ പ്രധാന എതിരാളി. തെലങ്കാന രൂപീകരണത്തിനു ശേഷം കോൺഗ്രസ് ഊർജസ്വലമായത് രേവന്ത് സംസ്ഥാന അദ്ധ്യക്ഷനായതിനു ശേഷമായിരുന്നു. ചന്ദ്രശേഖര റാവുവിനു പറ്റിയ എതിരാളിയായാണ് ജനം രേവന്തിനെ വിലയിരുത്തുന്നത്.