നഷ്ട ചുഴിയിൽ മത്സ്യക്കർഷകർ

Sunday 03 December 2023 5:52 PM IST

വളർത്തുമീനിന്റെ വിലയിൽ വൻ ഇടിവ്

കോട്ടയം: വളർത്തു മീനിനോട് അകലം പാലിക്കുകയാണ് കോട്ടയംകാർ. വൻ ലാഭം പ്രതീക്ഷിച്ച് മത്സ്യകൃഷിയിറക്കിയവർ നഷ്ടത്തിന്റെ ചുഴിയിലുമായി. വളർത്തുമീനിന്റെ വില ഇടിഞ്ഞതും തീറ്റയുടെ വില കുത്തനെ വർദ്ധിച്ചതുമാണ് മത്സ്യകർഷകരെ വെള്ളംകുടിപ്പിക്കുന്നത്. കടം കയറിയതോടെ പലരും കൃഷി അവസാനിപ്പിച്ചു. കിലോയ്ക്ക് 280 രൂപ വിലയുണ്ടായിരുന്ന തിലോപ്പിയക്ക് ഇപ്പോൾ വിപണിവില 100 രൂപയിൽ താഴെയെത്തി. എന്നാൽ തീറ്റവില മുകളിലേയ്ക്കാണ്. 10 വർഷം മുൻപ് 22 രൂപയ്ക്ക് ലഭിച്ചിരുന്ന തീറ്റ 65 രൂപയ്ക്കു മുകളിലായി. പലയിടത്തും പലവിലയാണ് കമ്പനികൾ ഈടാക്കുന്നത്. വരാലിന് നൽകുന്ന സ്റ്റാർട്ടറിന് 160 രൂപയ്ക്കു മുകളിലാണ് വില. ഉദ്പാദന ചെലവിന് ആനുപാതികമായി മത്സ്യത്തിന് വില ലഭിക്കുന്നില്ലെന്ന് കർഷകർ പറയുന്നു.

നാട്ടിലെ മത്സ്യം ആർക്കുംവേണ്ട

സംസ്ഥാനത്ത് മത്സ്യകൃഷി വ്യാപകമായതോടെയാണ് വില കാര്യമായി ഇടിഞ്ഞത്. ആന്ധ്ര, തമിഴ്‌നാട്, ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നും വ്യാപകമായി വളർത്തുമീൻ എത്തുന്നുണ്ട്. കിലോയ്ക്ക് 100 രൂപയിൽ താഴെയാണ് വില. ഇതോടെ നാട്ടിലെ മത്സ്യത്തിന് ആവശ്യക്കാരില്ലാതെയായി. മത്സ്യകൃഷി ആരംഭിക്കാൻ കർഷകന് 40 ശതമാനം സബ്‌സിഡി നൽകുമെങ്കിലും പിന്നീട് സർക്കാർ പിന്തുണയുണ്ടാവാറില്ലെന്ന് എട്ട് ഏക്കറിൽ 28 ലക്ഷം രൂപ മുടക്കി മത്സ്യകൃഷി നടത്തി കൈപൊള്ളിയ കർഷകൻ ഗീവറുഗീസ് പറയുന്നു.

വിലയിടിയാൻ കാരണം

കടൽ മീനിന്റെ വരവ് കൂടി

ഞണ്ട്, കണവ ഉൾപ്പെടെ സീഫുഡിനോടുള്ള അടുപ്പം

വൻ വിലക്കുറവിൽ വരവ് വളർത്തുമീൻ


കൊവിഡിനു ശേഷം മുപ്പതിനായിരം ടൺ മത്സ്യ ഉത്പാദനമാണ് സർക്കാർ ലക്ഷ്യമിട്ടിരുന്നത്. എന്നാൽ പതിനഞ്ച് ടണ്ണിലേക്ക് എത്തിയപ്പോൾ തന്നെ വില ഇടിഞ്ഞുതുടങ്ങി.

റജി പൂത്തറ,സംസ്ഥാന പ്രസിഡന്റ്, ഓൾ ഫിഷ് ഫാർമേഴ്‌സ് അസോസിയേഷൻ

ഒരു മത്സ്യക്കുഞ്ഞ് പൂർണവളർച്ചയെത്താൻ: 150 രൂപ

Advertisement
Advertisement