'ബി ജെ പിയുടെ  സദ്ഭരണത്തിന്റെ  നേട്ടം'; ജനം  നൽകിയ ഐതിഹാസിക  ജയം, 2024ൽ  ഹാട്രിക്  അടിക്കുമെന്ന് നരേന്ദ്ര മോദി

Sunday 03 December 2023 8:01 PM IST

ന്യൂഡൽഹി: നാല് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിൽ മൂന്നെണ്ണത്തിലും ബി ജെ പി മുന്നേറിയതിന് പിന്നാലെ ഇത് ജനം നൽകിയ ഐതിഹാസിക ജയമെന്ന് വിശേഷിപ്പിച്ച് നരേന്ദ്ര മോദി. ബി ജെ പിയുടെ ഡൽഹി ആസ്ഥാനത്ത് നടന്ന ആഘോഷ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ന് വികസിത ഇന്ത്യയെന്ന ആഹ്വാനമാണ് വിജയിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബി ജെ പിയിൽ വിശ്വാസം അർപ്പിച്ചതിന് നന്ദിയും പ്രധാനമന്ത്രി അറിയിച്ചു. ബി ജെ പി യുടെ സദ്ഭരണത്തിന്റെ നേട്ടമാണിതെന്നും 2047 ഓടെ ഇന്ത്യ വികസിത രാജ്യമാകുമെന്നും മോദി പ്രഖ്യാപിച്ചു.

'എല്ലാ വിഭാഗവും ബി ജെ പിയെ പിന്തുണച്ചിരിക്കുന്നു. അതിനാലാണ് ഈ വിജയം സ്വന്തമാക്കാൻ കഴിഞ്ഞത്. ഇത് ജനങ്ങളുടെ കൂടെ വിജയമാണ്. വികസനമാണ് ജനങ്ങളുടെ പ്രധാന ആവശ്യം. അതിനാൽ തന്നെ അഴിമതി സർക്കാരുകൾ നിലംപൊത്തി തുടങ്ങിയിരിക്കുന്നു. 2024ൽ ബി ജെ പി ഹാട്രിക് അടിക്കും. ബി ജെ പി നൽകിയ എല്ലാ വാഗ്ദാനങ്ങൾ പാലിക്കും' - മോദി പറഞ്ഞു.

അതേസമയം, ഇന്ന് നാല് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോൾ മദ്ധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിൽ ബിജെപി വിജയം ഉറപ്പിച്ചു. രാജസ്ഥാൻ, ചത്തീസ്ഗഡ് എന്നീ രണ്ട് സംസ്ഥാനങ്ങളിൽ കോൺഗ്രസിൽ നിന്നും അധികാരം പിടിച്ചെടുത്തതിന്റെ ആത്മവിശ്വാസത്തിലാണ് ബിജെപി. എന്നാൽ ഈ തിരിച്ചടികളിലും തെലങ്കാനയിലെ ലീഡ് നില കോൺഗ്രസിന് വലിയ ആശ്വാസമാണ്.