അനന്തപുരി പുഷ്‌പോത്സവത്തിന് തിരക്കേറുന്നു

Monday 04 December 2023 1:12 AM IST

തിരുവനന്തപുരം: ടെക്‌നോ നഗരമായ കഴക്കൂട്ടത്തിനും പുഷ്പ സമൃദ്ധിയുടെ ദിനങ്ങൾ സമ്മാനിച്ച് 12വരെ നടക്കുന്ന പുഷ്‌പോത്സവത്തിന് തുടക്കമായി. ലുലു മാളിനു സമീപമുള്ള വേൾഡ് മാർക്കറ്റ് മൈതാനത്താണ് പുഷ്‌പോത്സവം നടക്കുന്നത്.

വിവിധ രാജ്യങ്ങളിൽ നിന്നായി വ്യത്യസ്തയിനം പൂക്കളും സസ്യങ്ങളും മേളയിലെത്തിയിട്ടുണ്ട്. മുപ്പതിനായിരം സ്‌ക്വയർ ഫീറ്റിലായി ഊട്ടി മാതൃകയിൽ ഒരുക്കിയ ഉദ്യാനവും പൂക്കളിലും ചെടികളിലും തീർത്ത അനവധി ഇൻസ്റ്റലേഷനും നഗരത്തിൽ ആദ്യമായാണ് ഒരുങ്ങുന്നത്. കട്ട് ഫ്ളവേഴ്സ് ഷോ, ലാൻഡ് സ്‌കേപ്പിംഗ് ഷോ എന്നിവയുമുണ്ട്. അരുമപ്പക്ഷികളുടേയും വളർത്തുമൃഗങ്ങളുടെയും എക്‌സോട്ടിക് പെറ്റ്ഷോയും മേളയിലുണ്ട്. തിരുവനന്തപുരം കലാ ട്രസ്റ്റിന്റെ നേതൃത്വത്തിൽ വിവിധ കാർഷിക, സഹകരണ, സൊസൈറ്റികളുടെ സഹകരണത്തോടെയാണ് മേള സംഘടിപ്പിക്കുന്നത്. ദിവസവും രാവിലെ 11 മുതൽ രാത്രി 10 വരെയാണ് പ്രദർശനം. മേളയിൽ പങ്കെടുക്കുന്നവർക്ക് നറുക്കെടുപ്പിലൂടെ കൈ നിറയെ സമ്മാനങ്ങളും ഒരുക്കിയിട്ടുണ്ട്. മേള അവസാനിക്കുന്ന 12ന് പകുതി വിലയ്ക്ക് പൂച്ചെടികൾ സ്വന്തമാക്കാം.