സ്വർണ്ണമാലയും മൊബൈലും കവർന്ന പ്രതികളെ സാഹസികമായി പിടികൂടി

Monday 04 December 2023 3:23 AM IST

ഇരിങ്ങാലക്കുട : എറണാകുളത്ത് ഹോസ്റ്റലിൽ കയറി വിദ്യാർത്ഥികളെ മർദ്ദിച്ച് സ്വർണ്ണ മാല, മൊബൈൽ ഫോൺ എന്നിവ കവർന്ന കേസിൽ യുവതിയടക്കം നാല് പേർ അറസ്റ്റിൽ. നിരവധി കേസുകളിൽ പ്രതികളായ ഇടുക്കി രാജാക്കാട് ആനപ്പാറ എടയാട്ടിൽ ജെയ്‌സൺ ( 39 ), എറണാകുളം പോണേക്കര സ്വദേശി കോട്ടുങ്ങൽ സെജിൻ (21 ) അരൂർ തൃച്ചാട്ടുകുളം സ്വദേശി ഉബൈസ് മൻസിൽ കെയ്‌സ് (35 ) ഇയാളുടെ സുഹൃത്ത് രാജാക്കാട് ഉണ്ടമല സ്വദേശിനി പാലക്കൽ വീട്ടിൽ മനു (30 ) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ മാസം 16 നായിരുന്നു സംഭവം. ഇരിങ്ങാലക്കുടയിൽ പൊലീസ് സാഹസികമായി പിടികൂടുകയായിരുന്നു. എറണാകുളത്ത് നിന്നെത്തിയ പൊലീസ് സംഘത്തിന് ചാലക്കുടിയിൽ വച്ചാണ് പ്രതികൾ ഇരിങ്ങാലക്കുട ഭാഗത്തേക്ക് സഞ്ചരിക്കുന്നതായി സൂചന ലഭിച്ചത്. വിവരമറിഞ്ഞതോടെ ഇരിങ്ങാലക്കുട ടീം അന്വേഷണം തുടങ്ങി. കൊല്ലം രജിസ്‌ട്രേഷനിലുള്ള ഒരു കാർ അതു വഴി പോകുന്നത് ശ്രദ്ധയിൽപെടുകയും ബൈക്കിൽ പിൻതുടർന്ന് കാറിന്റെ നമ്പർ മനസിലാക്കി എറണാകുളം ടീമിനെ അറിയിക്കുകയുമായിരുന്നു.
തുടർന്ന് കാറിൽ പോകുകയായിരുന്ന സംഘത്തെ എറണാകുളം, ഇരിങ്ങാലക്കുട ടീമുകൾ പിൻതുടർന്നു. ഇതിനിടെ ഊരകത്ത് വച്ച് പ്രതികൾ കാർ തിരിച്ചു. ഇതോടെ ഇരിങ്ങാലക്കുട ഡിവൈ.എസ്.പി. ടി.കെ.ഷൈജു, ഇൻസ്‌പെക്ടർ അനീഷ് കരീം എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് സംഘം സ്റ്റേഷന് സമീപം കാർ തടഞ്ഞു. പൊലീസിനെ കണ്ടതോടെ അവർക്ക് നേരെ വേഗത്തിൽ കാർ ഓടിച്ച് എതിർ ദിശയിലൂടെ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ജീപ്പ് കുറുകെയിട്ട് തടഞ്ഞ് മൂന്നു യുവാക്കളെയും സാഹസികമായി പിടികൂടുകയായിരുന്നു. തലനാരിഴയ്ക്കാണ് പൊലീസുകാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടത്. പതിനഞ്ച് ദിവസത്തോളം പല സ്ഥലങ്ങളിലായി ഒളിച്ചു താമസിച്ചു വരികയായിരുന്നു യുവതി. ഇവരെ പിന്നീട് എറണാകുളത്തേക്ക് കൊണ്ടുപോയി. ഡിവൈ.എസ്.പി ടി.കെ.ഷൈജു, ഇൻസ്‌പെക്ടർ അനീഷ് കരീം, എസ്.ഐമാരായ അനിൽകുമാർ , ജോർജ്ജ്, എ.എസ്.ഐ സി.എ.ജോബ്, സീനിയർ സി.പി.ഒമാരായ ഉമേഷ്, ഷംനാദ്, വിപിൻ, ജീവൻ, എറണാകുളം സൗത്ത് എസ്.ഐ മനോജ്, സി.പി.ഒമാരായ സുമേഷ്‌കുമാർ, ജിബിൻ ലാൽ എന്നിവരും പൊലീസ് സംഘത്തിലുണ്ടായിരുന്നു.

Advertisement
Advertisement