50 ശതമാനത്തിലധികം കുട്ടികൾ അടിമകൾ കുട്ടികളെ കുടുക്കി 'പോക്കിമോൻ'

Monday 04 December 2023 12:13 AM IST
പോക്കിമോൻ

കണ്ണൂർ: രൂപവും രീതിയും മാറിയെത്തിയ 'പോക്കിമോൻ' സ്‌കൂൾ കുട്ടികൾക്കിയിൽ വ്യാപകമായതോടെ അദ്ധ്യാപകരും രക്ഷിതാക്കളും ആശങ്കയിൽ. ജില്ലയിൽ 50 ശതമാനത്തിലധികം കുട്ടികൾ ഗെയിമിന് അടിമപ്പെട്ടതായാണ് ആശങ്ക ഉളവാക്കുന്നത്.

പണത്തിനുവേണ്ടി കളിക്കുന്ന ഈ ഗെയിം കുട്ടികൾ തെറ്റായ വഴിയിലേക്ക് പോകാനുള്ള സാദ്ധ്യത വർദ്ധിപ്പിക്കുന്നതായാണ് പൊലീസിന്റെ രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ടിൽ പറയുന്നത്. കൂടാതെ ഗെയിമിൽ വ്യാപൃതരാകുന്നത് മൂലം കുട്ടികൾ പഠനത്തിൽ പിന്നോട്ടുപോകാനുള്ള പ്രവണതയുള്ളതായും ഇതിൽ പറയുന്നുണ്ട്. പഠനത്തിൽ മുൻപന്തിയിൽ ഉണ്ടായിരുന്ന പല കുട്ടികളും ഗെയിമുകൾക്ക് അടിമകളായി പഠനത്തിൽ പിന്നോക്കം പോകുന്നുണ്ടെന്ന് അദ്ധ്യാപകരും സാക്ഷ്യപ്പെടുത്തുന്നു.

10 മുതൽ 500 രൂപ വരെയുള്ള പോക്കിമോൻ കാർഡ് ഉപയോഗിച്ചാണ് കുട്ടികൾ കളിക്കുന്നത്. സ്‌കൂൾ ബസുകളിലും ക്ലാസിലെ ഒഴിവുസമയങ്ങളിലുമാണ് കുട്ടികൾ കൂടുതലായും ഗെയിമിൽ ഏർപ്പെടുന്നത്. രക്ഷിതാക്കളിൽ നിന്ന് സ്‌കൂളിലെ ആവശ്യത്തിന് എന്ന് പറഞ്ഞ് പണം വാങ്ങിയാണ് ഭൂരിഭാഗം കുട്ടികളും പോക്കിമോൻ കാർഡ് വാങ്ങാൻ പണം കണ്ടെത്തുന്നത്. ചീട്ടുമാതൃകയിലുള്ള ഈ ഗെയിം കളിക്കാനായി ഓൺലൈനായി ഓർഡർ ചെയ്തും സ്‌കൂളിനടുത്ത പെട്ടിക്കടകളിൽ നിന്നുമാണ് കാർഡുകൾ തരപ്പെടുത്തുന്നത്.

കൂടുതൽ മലയോരത്തെ കുട്ടികൾ

മലയോരത്തെ കുട്ടികളാണ് കൂടുതലായും ഗെയിമുകൾക്ക് അടിമകളാകുന്നത്. വീട്ടിൽ നിന്നും സ്‌കൂളുകളിലേക്ക് നൽകാനായി രക്ഷിതാക്കൾ നൽകുന്ന പണമാണ് ഇവർ ഉപയോഗിക്കുന്നത്. സ്‌കൂളുകളിലെ ആവശ്യത്തിന് പണം ലഭിക്കാതെ വരുമ്പോൾ രക്ഷിതാക്കളെ അദ്ധ്യാപകർ വിളിച്ചുചോദിക്കുമ്പോഴാണ് പണം നേരത്തെ കൊടുത്തുവിട്ടിരുന്നെന്ന് അറിയുന്നത്. വിദ്യാർത്ഥികളോട് അദ്ധ്യാപകർ കാര്യം തിരക്കുമ്പോഴാണ് ഗെയിംകളിക്കാൻ പണം എടുത്തു എന്ന് മനസിലാകുന്നത്.

ഗെയിമുകൾ 2 വിധം

പ്രധാനമായും രണ്ട് രീതിയിലാണ് ഈ ഗെയിം. ഒന്നാമത്തെ രീതി നമ്പർ ഉപയോഗിച്ചുള്ളതാണ്. ഒരു കുട്ടി പോക്കിമോൻ കാർഡിന്റെ 170 എന്ന നമ്പർ കാർഡ് ഇടുകയും അടുത്തയാൾ അതിനുമുകളിൽ ഉള്ള കാർഡ് ഇടുകയും ചെയ്താൽ രണ്ട് കാർഡും വലിയ സംഖ്യ ഉള്ള കാർഡ് ഇട്ട ആൾക്ക് ലഭിക്കും. കാർഡിലെ ചിത്രങ്ങൾ തമ്മിൽ യോജിപ്പിക്കുന്നതാണ് അടുത്ത രീതി. കാർഡുകളിൽ ഒരേ ചിത്രങ്ങൾ ലഭിക്കുന്നവരെ വിജയിയായി പ്രഖ്യാപിക്കുകയും അവർക്ക് കൂടുതൽ കാർഡുകൾ ലഭിക്കുകയും ചെയ്യും. സിൽവർ, ഗോൾഡ് കാർഡുകൾ വേറെയുമുണ്ട്. 10 രൂപയുടെ ഒരുപാക്കറ്റ് കാർഡ് വാങ്ങുമ്പോൾ സിൽവർ, ഗോൾഡ് കാർഡുകൾവരെ ലഭിക്കും. ഇത്തരത്തിൽ കാർഡ് ലഭിക്കുന്നവർ അത് 300 രൂപ മുതൽ 500 രൂപയ്ക്ക് വരെ മറിച്ച് വിൽക്കും. ഗോൾഡ് കാർഡിന് മുകളിൽ പോയിന്റുകൾ നേടിയാൽ പ്രധാന മാളുകളിലിലും മറ്റും ചില ഗെയിമുകൾ സൗജന്യമായി കളിക്കാമെന്നും പറയുന്നുണ്ട്.

Advertisement
Advertisement