അഞ്ചു മാസമായി സ്റ്റൈപ്പെന്റ് ലഭിക്കുന്നില്ല കണ്ണൂർ ഗവ. മെഡി. കോളേജിലെ ഹൗസ് സർജന്റുമാർ ഇന്നുമുതൽ പണിമുടക്കും
പരിയാരം: കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളേജിലെ ഹൗസ് സർജൻസി ഡോക്ടർമാർ ഇന്നുമുതൽ അനിശ്ചിതകാല പണിമുടക്കിൽ. 2018 ബാച്ചിലുള്ള 90 ഹൗസ് സർജന്മാരാണ് കഴിഞ്ഞ അഞ്ച് മാസമായി സ്റ്റൈപ്പെന്റ് ലഭിക്കാത്തതിനെ തുടർന്ന് പണിമുടക്കുന്നത്.
ഇന്റേൺഷിപ്പ് ജോലി ചെയ്യുന്ന തങ്ങളെപ്പോലുള്ള 2017 ബാച്ച്കാർക്ക് സ്റ്റൈപ്പെന്റ് നൽകുമ്പോഴും ഗവൺമെന്റ് ഡി.എം.ഇയിൽ നിന്നും അനുമതി ലഭിക്കുന്ന മുറയ്ക്ക് മാത്രമേ 2018 ബാച്ചിലെ ഹൗസ് സർജൻസിന് സ്റ്റൈപ്പെന്റിന് അർഹതയുണ്ടാകൂ എന്ന ന്യായം പറഞ്ഞാണ് ഒരു പോലെ ജോലി ചെയ്യുന്ന രണ്ട് ബാച്ചുകാരോട് വിവേചന ബുദ്ധിയോടെ പെരുമാറുന്നത്. ഡി.എം.ഇയിൽ നിന്നും 2017 ബാച്ചിന് ഓർഡർ വന്നതും അവർക്ക് സ്റ്റൈപ്പെന്റ് നൽകുമ്പോഴും ഉണ്ടാകാത്ത എന്ത് സാങ്കേതിക തടസ്സമാണ് 2018 ബാച്ചിലുള്ളതെന്ന് പറയാൻ അധികാരികൾ തയ്യാറായിട്ടില്ലെന്നും ഈ കാര്യം ഉന്നയിച്ച് ആരോഗ്യമന്ത്രിയെ സമീപിക്കുകയും സർക്കാർ തലത്തിൽ ഉടൻ പരിഹാരം കാണാൻ ശ്രമിക്കുമെന്ന് പറഞ്ഞിട്ടും ഒന്നും നടന്നില്ലെന്നും തുടർന്നാണ് അനിശ്ചിതകാല സമരത്തിലേക്ക് എത്തിചേർന്നതെന്നും അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.
നവംബർ 13ന് സൂചനാ സമരവും പ്രതിഷേധവും നടത്തിയിട്ടും വിഷയത്തിൽ വ്യക്തമായി മറുപടി നൽകിയിട്ടില്ലെന്നും കോളേജ് അധികാരികളുടെ ധാർഷ്ട്യത്തിനെതിരായും നിവർത്തികേട് കൊണ്ടുമാണ് സമരത്തിലേക്ക് ഇറങ്ങുന്നതെന്നും ഭാരവാഹികൾ പറഞ്ഞു.
36 മണിക്കൂർ ഷിഫ്റ്റുകളിലായി രാപ്പകൽ രോഗീപരിചരണം നടത്തുന്ന ഹൗസ് സർജന്മാർ, മെഡിക്കൽ കോളേജിന്റെ ജീവനാഡി ആയതിനാൽ ഇവരുടെ പണിമുടക്ക് സമരം ആശുപത്രിയുടെ സുഗമമായ പ്രവർത്തനത്തെ ബാധിക്കും എന്നത് ഉറപ്പാണ്.