കാപ്പാ നിയപ്രകാരം തടങ്കലിലാക്കി

Monday 04 December 2023 3:13 AM IST

തിരൂർ: കാപ്പ നിയമപ്രകാരം തീരദേശത്തെ കുപ്രസിദ്ധ റൗഡി കരുതൽ തടങ്കലിലായി. പറവണ്ണ സ്വദേശി അരയന്റെ പുരക്കൽ ഫെമിസിനെയാണ്(30) മലപ്പുറം ജില്ലാ കളക്ടറുടെ കാപ്പാ നിയമപ്രകാരമുള്ള ഉത്തരവിന്മേൽ തിരൂർ പൊലീസ് അറസ്റ്റ് ചെയ്തത്. കൊലപാതകശ്രമം, മയക്കുമരുന്ന് കടത്ത്, സംഘം ചേർന്നുള്ള കവർച്ച, തട്ടിക്കൊണ്ടുപോകൽ തുടങ്ങി 17 ഓളം ക്രിമിനൽ കേസുകളിൽ പ്രതിയാണ്. ഫെബ്രുവരിയിൽ വയനാട് സ്വദേശികളെ പറവണ്ണയിൽ വച്ച് സംഘം ചേർന്ന് ആക്രമിച്ച കവർച്ച നടത്തിയ കേസിൽ അറസ്റ്റിലായിരുന്നു. നിരവധി കേസുകളിൽ കോടതിയിൽ ഹാജരാകാത്തതിനെ തുടർന്ന് ജില്ലാ കോടതി ജാമ്യം നിരസിച്ച പ്രതി തിരൂർ സബ് ജയിലിൽ റിമാൻഡിൽ കഴിഞ്ഞു വരികയാണ്. മലപ്പുറം, കാസർകോട്, വയനാട് ജില്ലകളിലായി 17 ഓളം കേസുകളിൽ പ്രതിയാണ്. തിരൂർ ഡി.വൈ.എസ്.പി കെ.എം ബിജുവിന്റെ നേതൃത്വത്തിൽ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി വിയ്യൂർ സെൻട്രൽ ജയിലിൽ കരുതൽ തടങ്കലിലാക്കി. ജില്ലയിൽ ആദ്യമായാണ് റിമാൻഡിൽ കഴിഞ്ഞു വരുന്ന ഒരാളെ കാപ്പ ഉത്തരവിന് വിധേയനാക്കുന്നത്. തിരൂർ സി.ഐ എം.ജെ. ജിജോ,​ എസ്.ഐ എൻ. പ്രദീപ്,​ ഇ.എസ്. മധു,​ സീനിയർ സി.പി.ഒ കെ.കെ. ഷിജിത്ത്,​ സി.പി.ഓമാരായ പ്രദീപ്, ബിനു, സുജിത്ത് എന്നിവർ അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.