സി.പി.എമ്മിനെതിരെ നുണക്കഥകൾ പ്രചരിപ്പിക്കുന്നു : എം.എം.വർഗീസ്

Sunday 03 December 2023 10:26 PM IST

തൃശൂർ : കരുവന്നൂർ സഹകരണ ബാങ്കിൽ ജില്ലാ കമ്മിറ്റിയുടെ രഹസ്യ അക്കൗണ്ടുണ്ടെന്ന് ഇ.ഡി പറഞ്ഞതായി വന്ന വാർത്തകൾ അടിസ്ഥാന രഹിതമാണെന്ന് സി.പി.എം ജില്ലാ സെക്രട്ടറി എം.എം.വർഗീസ് പത്രകുറിപ്പിൽ അറിയിച്ചു. അപസർപ്പക കഥകളെ വെല്ലുന്ന നുണക്കഥകളാണത്. ദുരൂഹമായ ഇടപാടിലൂടെ ഇലക്ടറൽ ബോണ്ട് കൈപ്പറ്റുന്ന ബി.ജെ.പി, കോൺഗ്രസ് കക്ഷികളെ വെള്ളപൂശുകയാണ്. പാർട്ടി നടപടിക്ക് വിധേയരായവരെ കൂട്ടുപിടിച്ച് സി.പി.എമ്മിനെതിരെ നുണപ്രചാരണം നടത്തുകയാണ്. ചുമതലകളിൽ വീഴ്ച്ച വരുത്തിയ അംഗങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിച്ചു. സഹകരണ വകുപ്പും പൊലീസും നിയമ നടപടി സ്വീകരിച്ചിട്ടും ചില മാദ്ധ്യമങ്ങൾ ഇവരെ കൂട്ടു പിടിച്ച് ഇല്ലാക്കഥകൾ പ്രചരിപ്പിക്കുന്നു. ഇ.ഡിക്ക് മുന്നിൽ കൃത്യമായ മറുപടിയാണ് നൽകിയത്. തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് നടത്തുന്ന കള്ളപ്രചരണം വിലപ്പോകില്ലെന്നും അദ്ദേഹം പറഞ്ഞു.