ബംഗാൾ ഗവർണർ ആനന്ദ ബോസ് ഇടപെട്ടു മലയാളി വിദ്യാർത്ഥികൾക്ക് മടക്കയാത്രയ്ക്ക് വഴിയൊരുങ്ങി
കൊൽക്കത്ത:ചുഴലിക്കാറ്റ് മുന്നറിയിപ്പിൽ ട്രെയിനുകൾ റദ്ദാക്കിയതോടെ കൊൽക്കത്തയിൽ കുടുങ്ങിയ മലയാളി വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും തുണയായി ബംഗാൾ ഗവർണർ ഡോ. സി.വി. ആനന്ദബോസ്.
ശ്രീശങ്കര സർവകലാശാലയുടെ കാലടി, തിരൂർ കേന്ദ്രങ്ങളിലെ 58 സോഷ്യൽവർക്ക് വിദ്യാർത്ഥികളും ആറ് അദ്ധ്യാപകരുമടങ്ങുന്ന സംഘമാണ് കുടുങ്ങിയത്. അവർ കേരള രാജ്ഭവനിൽ ബന്ധപ്പെട്ടു. ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ ബംഗാൾ ഗവർണർ ഡോ. സി.വി. ആനന്ദബോസിനെ ഫോൺ ചെയ്തു. ആനന്ദബോസ് ഇടപെട്ട് ഇന്ന് വൈകിട്ടത്തെ ട്രെയിനിൽ പ്രത്യേക ബോഗി സജ്ജീകരിക്കാൻ നിർദേശിച്ചു. അങ്ങനെ മടക്കയാത്രയ്ക്ക് വഴിയൊരുങ്ങി. സംഘത്തെ കൊൽക്കത്ത രാജ്ഭവനിലേക്ക് ഗവർണർ ക്ഷണിക്കുകയും ചെയ്തു. മേഘാലയ, ആസാം, ബംഗാൾ സംസ്ഥാനങ്ങളിൽ രണ്ടു ബാച്ചുകളിലായി അനസ് എം.കെ, രേഷ്‌മ ഭരദ്വാജ് എന്നീ അദ്ധ്യാപകരുടെ നേതൃത്വത്തിലായിരുന്നു പഠനയാത്ര.
കോട്ടയത്ത് ഇലഞ്ഞിയിൽ അമ്മയുടെ മരണാനന്തര ചടങ്ങിന് നാട്ടിലെത്താൻ കാനഡയിലുള്ള മക്കൾക്ക് അടിയന്തര വിസ കിട്ടാതെ വന്നപ്പോഴും ആനന്ദബോസ് സഹായിച്ചിരുന്നു.