പൈപ്പ് പൊട്ടൽ തുടർക്കഥ, പാഴായത് ലക്ഷക്കണക്കിന് ലിറ്റർ ശുദ്ധജലം

Monday 04 December 2023 1:54 AM IST

തുറവൂർ : ദേശീയപാതയിൽ പാട്ടുകുളങ്ങരയിൽ കുത്തിയതോട് സബ് രജിസ്ട്രാർ ഓഫീസിന് മുമ്പിൽ ജപ്പാൻ കുടിവെള്ള പദ്ധതിയുടെ പ്രധാന പൈപ്പ് പൊട്ടി ലക്ഷക്കണക്കിന് ലിറ്റർ ശുദ്ധജലം പാഴായി. തുടർന്ന് ഉച്ചയോടെ പമ്പിംഗ് നിർത്തിവച്ചു. ഇന്നലെ രാവിലെയായിരുന്നു സംഭവം. പമ്പിംഗ് നടക്കുന്ന സമയമായതിനാൽ കുത്തിയൊഴുകിയ വെള്ളത്താൽ റോഡിലും രജിസ്ട്രാർ ഓഫീസ്,​ തുറവൂർസഹകരണ ബാങ്ക് എന്നിവയുടെ മുമ്പിലും വെള്ളക്കെട്ട് രൂപപ്പെട്ടു. തൈക്കാട്ടുശേരി വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റിൽ നിന്ന് അരൂർ, എഴുപുന്ന, കോടംതുരുത്ത്, കുത്തിയതോട്, തുറവൂർ, പട്ടണക്കാട്, വയലാർ, കടക്കരപ്പള്ളി എന്നീ പഞ്ചായത്തുകളിലേക്ക് ശുദ്ധജലം കടത്തിവിടുന്ന പ്രധാന പെെപ്പാണിത്.

കഴിഞ്ഞ 28 ന് ദേശീയ പാതയിൽ തുറവൂർ ആലയ്ക്കാപറമ്പിൽ, ദേശീയപാത വികസനത്തിന്റെ ഭാഗമായി ജെ.സി.ബി ഉപയോഗിച്ച് മണ്ണ് നീക്കുന്നതിനിടെ പ്രധാന പെെപ്പ് പൊട്ടിയതിനെ തുടർന്ന് ഇന്നലെയാണ് ജലവിതരണം പൂർണ്ണമായി പുനസ്ഥാപിച്ചത്. ആ ദിവസം തന്നെ വീണ്ടും പൈപ്പ് പൊട്ടിയത് ആയിരക്കണക്കിന് ഉപഭോക്താക്കൾക്ക് ഇരുട്ടടിയായി. കഴിഞ്ഞ 6 മാസത്തിനിടെ ഒരു ഡസനോളം പൈപ്പ് പൊട്ടൽ പലയിടങ്ങളിലുണ്ടായി. അടിക്കടിയുള്ള പൈപ്പ് പൊട്ടൽ കാരണം ജലവിതരണം മുടങ്ങുന്നത് ജനജീവിതത്തെ ആകെ താറുമാറാക്കുമെന്ന ആക്ഷേപം ശക്തമാണ്. അതേസമയം,​ ഇന്നലെ ആരംഭിച്ച അറ്റകുറ്റപ്പണി രാത്രിയോടെ 70 ശതമാനം പൂർത്തിയായതായും അടുത്ത ദിവസം തന്നെ പമ്പിംഗ് പുനരാംഭിക്കുമെന്നും ജല അതോറിട്ടി അധികൃതർ അറിയിച്ചു.

Advertisement
Advertisement