സഞ്ചാരികൾ എത്തുമ്പോഴും സുരക്ഷയില്ലാതെ ബീച്ചുകൾ

Sunday 03 December 2023 11:08 PM IST

ആലപ്പുഴ : ജില്ലയിലെ ബീച്ചുകളിലും പാർക്കുകളിലും സഞ്ചാരികളുടെ വരവ് വർദ്ധിച്ചതോടെ

ആവശ്യമായ സുരക്ഷാക്രമീകരണങ്ങൾ കൂടുതൽ ശക്തമാക്കാൻ ആലോചന. ആലപ്പുഴ, മാരാരി, വലയഴീക്കൽ എന്നീ ബീച്ചുകളിലും തോട്ടപ്പള്ളി പൊഴിമുഖം, അന്ധകാരനഴി, പുന്നമടക്കായൽ എന്നിവിടങ്ങളിലുമെല്ലാം വലിയ തിരക്കാണ് ഇപ്പോൾ അനുഭവപ്പെടുന്നത്.

ആലപ്പുഴ ബീച്ചിൽ ദിവസേന രണ്ടായിരത്തിൽ അധികം വിനോദ സഞ്ചാരികൾ എത്തുന്നുണ്ടെന്നാണ് കണക്ക്. ലൈഫ് ഗാർഡുകൾ, ടൂറിസം പൊലീസ്, ലോക്കൽ പൊലീസ് എന്നിവർ സുരക്ഷയ്ക്കായി രംഗത്തുണ്ടെങ്കിലും ആവശ്യമായ അംഗബലമില്ല. ഒരു കിലോമീറ്ററുള്ള ആലപ്പുഴ ബീച്ചിൽ രണ്ട് ഷിഫ്റ്റുകളിലായി 10 ലൈഫ് ഗാർഡുകളാണുള്ളത്. കൂടുതൽ പേരെ നിയമിക്കുമെന്ന് ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോൾ നടത്തിയ പ്രഖ്യാപനം പേരിലൊതുങ്ങി. ശമ്പളം കുറവായതിനാൽ ലൈഫ് ഗാർഡ് ജോലിക്ക് ആളെ കിട്ടാനുമില്ല. ബീച്ചുകളിൽ തിരയിൽപ്പെടുന്നവരെ രക്ഷപ്പെടുത്താൻ, റിമോട്ട് കൺട്രോളിൽ പ്രവർത്തിക്കുന്ന ലൈഫ് ബോയ സംവിധാനം ഏർപ്പെടുത്താനുള്ള പദ്ധതിക്ക് ഇനിയും സർക്കാർ അനുമതി ലഭിച്ചിട്ടില്ല. 30 സെക്കൻഡിനുള്ളിൽ ജീവൻ രക്ഷിക്കാൻ കഴിയുമെന്ന് ഉറപ്പു നൽകുന്ന ബോയകളുടെ പരീക്ഷണം മാസങ്ങൾക്ക് മുമ്പ് ആലപ്പുഴ ബീച്ചിൽ നടന്നിരുന്നു. വിശാഖപട്ടണത്ത് നിന്നുള്ള സംഘമാണ് സംവിധാനം പരീക്ഷിച്ചത്. പൂർണമായും റിമോട്ട് കൺട്രോളിൽ പ്രവർത്തിക്കുന്ന ജീവൻ രക്ഷാസംവിധാനം സംസ്ഥാനത്ത് ആദ്യമായി പരീക്ഷിച്ചതും ആലപ്പുഴ ഡി.ടി.പി.സിയാണ്. പ്രധാന ബീച്ചുകളിൽ രണ്ടും ചെറുബീച്ചുകളിൽ ഒന്നും വീതവും ആധുനിക ലൈഫ് ബോയകൾ വാങ്ങാൻ അനുമതി നൽകിയാൽ ലൈഫ് ഗാർഡുകളെ കൂടുതലായി നിയമിക്കേണ്ടി വരില്ല.

ആധുനിക ലൈഫ് ബോയകൾ വാങ്ങാൻ അനുമതി കിട്ടിയിട്ടില്ല

 ആധുനിക ലൈഫ് ബോയ വാങ്ങാൻഅനുമതിക്കായി ടൂറിസം വകുപ്പിന് കത്ത് നൽകി കാത്തിരിക്കുകയാണ് ഡി.ടി.പി.സി

 200കിലോ ഭാരം കയറ്റാവുന്ന ലൈഫ് ബോയ ഒന്നിന് ഏഴരലക്ഷത്തിൽ അധികം രൂപ ചെലവാകും

 ആലപ്പുഴ ബീച്ചിൽ റിമോട്ട് കൺട്രോളിൽ പ്രവർത്തിക്കുന്ന രണ്ട് ലൈഫ് ബോയകൾ ഏർപ്പെടുത്താനാണ് ആലോചന

 ഒരു ലൈഫ് ബോയയിൽ ഒരേ സമയം മൂന്ന് പേരുടെ ജീവൻ രക്ഷിക്കാൻ കഴിയും

 ബീച്ചിന്റെ തെക്കും വടക്കും ഭാഗങ്ങളിൽ ഒന്നുവീതം ബോയകൾ സ്ഥാപിക്കാനായിരുന്നു ലക്ഷ്യമിട്ടത്

ആലപ്പുഴ ബീച്ച്

നീളം: ഒരു കിലോമീറ്റർ

ലൈഫ് ഗാർഡുകൾ ഇപ്പോൾ : 10

വേണ്ടത് : 20

ദിവസവേതനം : 800 രൂപ

ടൂറിസം ഗാർഡുകൾ : 3

ലൈഫ് ഗാർഡുകളില്ലാത്ത ബീച്ചുകൾ

മാരാരി ബീച്ച്, തോട്ടപ്പള്ളി പൊഴിമുഖം, വലയഴീക്കൽ ബീച്ച്, അന്ധകാരനഴി

Advertisement
Advertisement