ചക്കാംപറമ്പ് ഭഗവതി ക്ഷേത്രത്തിൽ ഇനി ചുമർച്ചിത്ര തിളക്കം

Monday 04 December 2023 12:34 AM IST

മാള : ചക്കാംപറമ്പ് വിജ്ഞാനദായിനി സഭ ശ്രീ ഭഗവതി ക്ഷേത്രത്തിലെ ചുമരുകളിൽ ക്ഷേത്ര ചരിത്രവും ദേവീ ഭാവങ്ങളും ചിത്രീകരിക്കുന്ന ചുമർചിത്രങ്ങൾ. ചാലക്കുടി സായകം ചിത്രശാല ചുമർചിത്ര പഠന കേന്ദ്രത്തിലെ എ.ജി.സെന്തിൽ കുമാറും സഹായികളുമാണ് ഭക്തരിൽ നവ്യാനുഭവം പകരുന്ന ചിത്രങ്ങൾ വരയ്ക്കുന്നത്.

ചക്കാംപറമ്പ് ക്ഷേത്രത്തിന്റെ ചരിത്രത്തിലെ നാടുവാഴിയായ കോടശ്ശേരി കർത്തയുടെ ഐതിഹ്യവും ചുമരിൽ കാണാം. ക്ഷേത്രത്തിന്റെ മുൻവശത്ത് ഇടിവെട്ടിൽ കരിഞ്ഞു നിൽക്കുന്ന പന കണ്ട് നാടുവാഴിയായ കർത്താവ് പരിഹാസത്തോടെ ക്ഷേത്രത്തിലെ ദേവിക്ക് ശക്തിയുണ്ടെങ്കിൽ തിരിച്ചു വരുമ്പോഴേക്കും കരിഞ്ഞു നിൽക്കുന്ന ഈ പന തളിർക്കട്ടെയെന്ന് പറയുകയും കരിഞ്ഞ പന തളിർത്തെന്നുമാണ് കഥ. ഈ കഥ ചിത്രരൂപത്തിൽ കാണാം. ക്ഷേത്രത്തിന്റെ ഭാഗമായ നനദുർഗ്ഗ ക്ഷേത്രത്തിലെ നിവേദ്യ ഉരുളി വെളിച്ചപ്പാട് വാളുകൊണ്ട് അകത്തേക്ക് വലിച്ചു കയറ്റുന്ന രംഗവും, ദേവിയെ പ്രതിഷ്ഠിച്ച ദേവി ഉപാസകനായ മുത്തപ്പന്റെ മുന്നിൽ ദേവി പ്രത്യക്ഷപ്പെടുന്ന രംഗവുമെല്ലാം ചിത്രീകരിച്ചിട്ടുണ്ട്.
ഉത്സവത്തിന് വരുന്ന തണ്ടിക വരവും ചുമരുകളിൽ വരയ്ക്കുന്നുണ്ട്. ക്ഷേത്രത്തിലെ മുൻവശത്ത് ചുമരുകൾ പത്ത് കളങ്ങളായി തിരിച്ചാണ് ചിത്രരചന നടത്തുന്നത്. ചുമർചിത്രകലയിൽ അധികമാരും പരീക്ഷിച്ചിട്ടില്ലാത്ത സപ്ത മാതൃക്കളായ ബ്രഹ്മാണി, വൈഷ്ണവി, മഹേശ്വരി, ഇന്ദ്രാണി, കൗമാരി, വരാഹി, ചാമുണ്ഡി ദേവി രൂപങ്ങളും ചുമരിൽ കാണാം. കന്നിമൂലയിൽ ഗണപതി പൂജയും ക്ഷേത്രവാതിലിന്റെ വലതുവശത്തായി വേതാള കണ്ഠ സ്ഥിതയായ ഭദ്രകാളിയെ ഭൂത പ്രേത പിശാച് മാതൃപരിവാര സമേതം കാണാം. ചിത്രരചനയിൽ സെന്തിലിന് സഹായികളായി ചിത്തിര ശ്രീധരൻ, വിഷ്ണു തെക്കേടത്ത്, വി.കെ.വൈശാഖ്, പി.എസ്.കാവ്യ, ജിനേഷ്, പ്രിയദർശിനി, ശിവകാമി എന്നിവരുമുണ്ട്. വിജ്ഞാനദായിനി സഭാ പ്രസിഡന്റ് സി.ഡി.ശ്രീനാഥിന്റെ നിർദ്ദേശപ്രകാരം പ്രൊഫസർ സി.കെ.സുരേഷിന്റെ മേൽനോട്ടത്തിലാണ് ചുമർ ചിത്രരചന നടക്കുന്നത്.

Advertisement
Advertisement