തെലങ്കാന മുഖ്യമന്ത്രിയാകാൻ രേവന്ത് റെഡ്ഡി
ഹൈദരാബാദ്: 'മാർപു കവാലി, കോൺഗ്രസ് രാവാലി (മാറ്റം വേണം, കോൺഗ്രസ് വരണം) ഇതായിരുന്നു തെലങ്കാന തിരഞ്ഞടുപ്പിൽ കോൺഗ്രസ് ഉയർത്തിയ മുദ്രാവാക്യം. അത് ഫലിച്ചു. 10 വർഷത്തെ ബി.ആർ.എസ് ഭരണം മാറി കോൺഗ്രസ് അധികാരത്തിലെത്തുന്നു. മറ്റൊരു മുദ്രാവാക്യം കൂടി കോൺഗ്രസ് പ്രചാരണ റാലികളിൽ വിളിച്ചിരുന്നു 'കോൺഗ്രസ് ഗെലസ്തുണ്ടി, രേവന്ത് മുഖ്യമന്ത്രി ആയഡു". കോൺഗ്രസ് ജയിക്കും രേവന്ത് മുഖ്യമന്ത്രിയാകും. ആർക്കും മറ്റൊരു പേര് നിർദ്ദേശിക്കാനാകാത്ത വിധം തെലങ്കാന കോൺഗ്രസിന് നാഥനായി മാറിയ രേവന്ത് റെഡ്ഡി തന്നെ മുഖ്യമന്ത്രിയാകുമെന്ന് ഏതാണ്ടുറപ്പിച്ചിരിക്കുകയാണ് ദേശീയ നേതൃത്വവും. ഡിസംബർ ഒൻപത് എന്നൊരു ദിവസമുണ്ടെങ്കിൽ കോൺഗ്രസ് മുഖ്യമന്ത്രി തെലങ്കാനയിൽ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുമെന്ന് വോട്ടെടുപ്പ് കഴിഞ്ഞപ്പോൾ തന്നെ രേവന്ത് റെഡ്ഡി പറഞ്ഞിരുന്നു.
ചന്ദ്രശേഖരറാവുവിനെതിരെ മത്സരിക്കാനായി കാമറെഡ്ഡിയിൽ പോയതിന് അപ്രതീക്ഷിത തിരിച്ചടി കിട്ടിയെങ്കിലും കോടങ്കലിലെ മിന്നും ജയം രേവന്തിനെ സുരക്ഷിതനാക്കി. രാഹുൽ ഗാന്ധി അടക്കമുള്ള നേതാക്കൾക്കൊപ്പം ചേർന്ന് രാപ്പകലില്ലാതെ ഈ 54കാരൻ നടത്തിയ പരിശ്രമത്തിന്റെ ഫലമാണ് തെലങ്കാനയിലെ വിജയം.
ലോക്സഭാ തിരഞ്ഞെടുപ്പ് പരാജയത്തെതുടർന്ന് പി.സി.സി അദ്ധ്യക്ഷനായിരുന്ന ഉത്തംകുമാർ റെഡ്ഡി രാജിവച്ചതിനെ തുടർന്ന് 2021ലാണ് പാർട്ടിയുടെ കടിഞ്ഞാൺ രേവന്ത് റെഡ്ഡിയുടെ കൈയിലെത്തുന്നത്. അപ്പോൾ അദ്ദേഹം മൽകജ്ഗിരി എം.പിയായിരുന്നു.
അന്നുമുതൽ കെ.സി.ആറിനോട് നേർക്കുനേർ പോരാടിയാണ് തെലങ്കാനയിലെ ജനങ്ങളെ പാർട്ടിക്കൊപ്പം കൂട്ടിയത്. ഭരണകക്ഷിയായ ബി.ആർ.എസിന്റെ മുഖ്യ എതിരാളിയായി ബി.ജെ.പി മാറിയ നിലയിൽ നിന്നും കോൺഗ്രസിനെ മുന്നിലെക്കെത്തിക്കാൻ അദ്ദേഹത്തന് അക്ഷീണം പ്രവർത്തിക്കേണ്ടിവന്നു.
ഇന്നലെ വോട്ടെണ്ണലിൽ കോൺഗ്രസ് മുന്നേറ്റം പ്രകടമായതോടെ രേവന്ത് റെഡ്ഡിയുടെ വീടിനു മുന്നിലും തെലങ്കാനയിലെ കോൺഗ്രസ് ആസ്ഥാനത്തും പ്രവർത്തകർ ആഘോഷമാരംഭിച്ചിരുന്നു. ഇതിനുപിന്നാലെ വാഹനത്തിൽ റോഡ് ഷോ നടത്തിയാണ് പ്രവർത്തകർക്കൊപ്പം രേവന്ത് വിജയം ആഘോഷിച്ചത്.
ആദ്യം എ.ബി.വി.പി, പിന്നെ ടി.ഡി.പി
പഠനകാലത്ത് എ.ബി.വി.പി പ്രവർത്തകനായിരുന്നു രേവന്ത്. പിന്നീട് തെലുഗുദേശം പാർട്ടിയിലേക്ക് ചേക്കേറി. 2009, 2014 വർഷങ്ങളിൽ കൊടങ്കലിൽ നിന്നുള്ള ടി.ഡി.പി എം.എൽ.എയായി. 2017ലാണ് കോൺഗ്രസിലെത്തുന്നത്.
മാർഗം തടയുമോ മല്ലു ഭട്ടി?
മുഖ്യമന്ത്രി പദത്തിലേക്കുള്ള രേവന്തിന്റെ സ്ഥാനരോഹണത്തിന് ഒരുളുടെ സമ്മതം ഉറപ്പാക്കേണ്ടതുണ്ട്; പ്രതിപക്ഷ നേതാവ് മല്ലു ഭട്ടി വിക്രമാർഗയുടെ. പ്രവർത്തന പരിചയം കൊണ്ടും ജനപിന്തുണ കൊണ്ടും പൊതുസമ്മതനാണ് ഭട്ടി വിക്രമാർഗ. കർഷകരുടെയും തൊഴിലാളികളുടെയും സ്വന്തം നേതാവ്. വൈ.എസ്.ആർ സ്‌കൂളിലെ രാഷ്ട്രീയം, ഡെപ്യൂട്ടി സ്പീക്കർ, വിപ്പ്, ഇതിനെല്ലാമപ്പുറം കറതീർന്ന രാഷ്ട്രീയ ജീവിതവും ഭട്ടിയെ തെലങ്കാന കോൺഗ്രസിൽ പ്രബലനാക്കുന്നുണ്ട്.
ജനങ്ങളെ അറിയാൻ തെലങ്കാനയുടെ നെടുകെയും കുറുകെയുമായി മല്ലുഭട്ടി നടന്ന 1300 കിലോമീറ്ററുകൾ വോട്ടായിട്ടുണ്ടെന്നാണ് നേതൃത്വത്തിന്റെ കണക്ക്. മാത്രമല്ല പിന്നാക്കവിഭാഗത്തിലെ നേതാവുമാണ്.
പ്രചാരണവേളകളിൽ മുഖ്യമന്ത്രിയാകാനുണ്ടോയെന്ന മാദ്ധ്യമങ്ങളുടെ ചോദ്യത്തിന് എല്ലാം ഹൈക്കമാൻഡ് തീരുമാനിക്കുമെന്ന ഉത്തരമായിരുന്നു നൽകിയത്.