ഗാസയുടെ പേരിൽ ആക്രമണം: ജർമ്മൻ പൗരൻ കൊല്ലപ്പെട്ടു
പാരീസ്: ഫ്രാൻസിലെ പാരീസിൽ ഈഫൽ ടവറിന് സമീപം വിനോദ സഞ്ചാരികൾക്ക് നേരെ കത്തി ആക്രമണം. ജർമ്മൻ പൗരൻ കൊല്ലപ്പെട്ടു. ഒരു ബ്രിട്ടീഷുകാരൻ ഉൾപ്പെടെ രണ്ട് പേർക്ക് പരിക്കേറ്റു. പ്രതി 26കാരനായ ഫ്രഞ്ച് പൗരനെ പൊലീസ് പിടികൂടി. ഇന്നലെ ഇന്ത്യൻ സമയം, പുലർച്ചെ 1.30നായിരുന്നു സംഭവം. പാലസ്തീനിലും അഫ്ഗാനിസ്ഥാനിലും മുസ്ലിം വംശജർ കൊല്ലപ്പെടുന്നതിലും ഗാസയിലെ സംഘർഷത്തിലും പ്രതിഷേധിച്ചായിരുന്നു ആക്രമണം. ക്വെ ഡി ഗ്രനേൽ തെരുവിൽ വച്ചാണ് ഭാര്യയ്ക്കൊപ്പമുണ്ടായിരുന്ന ജർമ്മൻകാരനെ കത്തിയും ചുറ്റികയും കൊണ്ട് ആക്രമിച്ചത്. ജർമ്മൻകാരന്റെ ഭാര്യയെ സമീപത്തുണ്ടായിരുന്നവർ രക്ഷപെടുത്തി. ഇതിനിടെ, സമീപത്തെ പാലത്തിലേക്ക് ഓടിക്കയറിയ പ്രതി ഒരു ഫ്രഞ്ചുകാരനെയും ബ്രിട്ടീഷ് വിനോദ സഞ്ചാരിയേയും ആക്രമിച്ചു. പൊലീസ് ഉടൻ സ്ഥലത്തെത്തി പ്രതിയെ കീഴ്പ്പെടുത്തി. പരിക്കേറ്റവർ അപകട നില തരണം ചെയ്തു. 2016ൽ ഒരു ആക്രമണ പദ്ധതിയുമായി ബന്ധപ്പെട്ട് പ്രതിക്ക് നാല് വർഷം ജയിൽശിക്ഷ ലഭിച്ചിരുന്നു. ഇയാൾക്ക് മാനസിക പ്രശ്നങ്ങളുണ്ടെന്നും പറയുന്നു. ആക്രമണത്തിന് പിന്നിൽ ഭീകരവാദ ബന്ധമുണ്ടോയെന്ന് അന്വേഷിക്കുന്നുണ്ട്. ആക്രമണത്തെ ' ഭീകരാക്രമണം' എന്നാണ് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ വിശേഷിപ്പിച്ചത്.