ആരോഗ്യവും കാലാവസ്ഥയും: കോപ് 28 പ്രഖ്യാപനത്തിൽ നിന്ന് വിട്ടുനിന്ന് ഇന്ത്യ
ദുബായ്: ദുബായിൽ നടക്കുന്ന ഐക്യരാഷ്‌ട്ര സഭയുടെ ( യു.എൻ ) ' കോപ് 28' കാലാവസ്ഥാ ഉച്ചകോടിയിൽ കാലാവസ്ഥയും ആരോഗ്യവും സംബന്ധിച്ച പ്രഖ്യാപനത്തിൽ ഒപ്പുവയ്ക്കുന്നതിൽ നിന്ന് വിട്ടുനിന്ന് ഇന്ത്യ.
ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളൽ കുറയ്ക്കുന്നതടക്കം ആരോഗ്യ മേഖലയെ കാലാവസ്ഥാ സൗഹൃദമാക്കുന്ന തരത്തിലെ നേട്ടങ്ങൾ കൈവരിക്കാനുള്ളതാണ് ഉടമ്പടി.
എന്നാൽ, ആരോഗ്യമേഖലയിൽ ഹരിതഗൃഹ വാതക ഉപയോഗം തടയുന്നത് രാജ്യത്ത് സമീപകാലത്ത് പ്രായോഗികമോ കൈവരിക്കാവുന്നതോ ആയിരിക്കില്ല എന്ന കാരണത്താലാണ് ഇന്ത്യ വിട്ടുനിന്നതെന്നാണ് സൂചന. 124 രാജ്യങ്ങൾ പ്രഖ്യാപനത്തിൽ ഒപ്പിട്ടു. യു.എസും പ്രഖ്യാപനത്തിൽ നിന്ന് വിട്ടുനിന്നു.
നേരത്തെ, ആഗോള പുനരുപയോഗ ഊർജ്ജ ശേഷി 2030ഓടെ മൂന്നിരട്ടിയാക്കാൻ ലക്ഷ്യമിട്ടുള്ള പ്രഖ്യാപനത്തിൽ ഒപ്പിടുന്നതിൽ നിന്നും ഇന്ത്യയും ചൈനയുമടക്കമുള്ള രാജ്യങ്ങൾ വിട്ടുനിന്നിരുന്നു. 118 രാജ്യങ്ങളാണ് ഈ പ്രഖ്യാപനത്തിൽ ഒപ്പിട്ടത്.