റോഡില്‍ ഭീമന്‍ മുതല, കരകവിഞ്ഞ് നെടുങ്കുന്‍ട്രം നദി; ചെന്നൈയില്‍ സ്ഥിതി ഗുരുതരം | വീഡിയോ
ചെന്നൈ: മിഷോംഗ് ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ ചെന്നൈ നഗരം കനത്ത ജാഗ്രതയിലാണ്. കനത്ത മഴയും വെള്ളക്കെട്ടും ജനജീവിതത്തെ താറുമാറാക്കിയിരിക്കുകയാണ്. വെല്ലൂര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിക്ക് സമീപം റോഡില്‍ ഒരു വലിയ മുതലയെ കണ്ടതിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിക്കുന്നത്. നെടുങ്കുന്‍ട്രം നദി കരകവിഞ്ഞതിന് പിന്നാലെ കരയിലേക്ക് എത്തിയതാകാം മുതലയെന്നാണ് നിഗമനം.
രാത്രി സമയത്ത് റോഡിലൂടെ വാഹനങ്ങള്‍ പോകുന്നതിനിടെ മുതല റോഡിന്റെ വശത്തുകൂടി സമീപത്തെ കുറ്റിക്കാട്ടിലേക്ക് മറയുന്നതായി ദൃശ്യങ്ങളില്‍ വ്യക്തമാണ്. മുതലയുടെ സമീപത്ത് കൂടി ഒരു ബൈക്ക് കടന്ന് പോകുന്നതും കാണാം. ജലാശയങ്ങള്‍ക്ക് സമീപത്തേക്ക് ഒരുകാരണവശാലും പോകരുതെന്ന് അധികൃതര്‍ ജനങ്ങള്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
— Abhishek Bhatia (@AbhishekBh63159) December 4, 2023
കനത്ത മഴയും കാറ്റും തുടരുന്ന സാഹചര്യത്തില്‍ ചെന്നൈ നഗരത്തിലെ പല സ്ഥലങ്ങളും വെള്ളത്തിനടിയിലായി. ചെന്നൈ ഇസിആര്‍ റോഡില്‍ ചുറ്റുമതില്‍ ഇടിഞ്ഞ് വീണ് രണ്ട് പേര്‍ മരിച്ചു. ചെന്നൈയില്‍ നിന്നുളള 20 വിമാന സര്‍വീസുകള്‍ റദ്ദാക്കിയിട്ടുണ്ട്. 23 വിമാനങ്ങള്‍ വൈകിയെത്തും. ചില വിമാനങ്ങള്‍ ബംഗളൂരുവിലേക്ക് തിരിച്ചുവിട്ടു. ചെന്നൈ വിമാനത്താവളം അടച്ചു.
മഴയെത്തുടര്‍ന്ന് നിരവധി സ്ഥലങ്ങളിലെ വൈദ്യുതി ബന്ധം താറുമാറായി. ഇന്ന് വൈകുന്നേരം വരെ അതിശക്തമായ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്.വടക്കന്‍ തമിഴ്‌നാട്ടിലും അതിശക്തമായ മഴയാണ് അനുഭവപ്പെടുന്നത്. മഴയെത്തുടര്‍ന്ന് ചെന്നൈ അടക്കമുളള ആറ് ജില്ലകളില്‍ ഇന്ന് പൊതുഅവധി പ്രഖ്യാപിച്ചു.സ്വകാര്യ സ്ഥാപനങ്ങള്‍ക്കും പൊതു അവധി ബാധകമായിരിക്കും.
ദേശീയ ദുരന്തനിവാരണ സേനയും സംസ്ഥാന ദുരന്തനിവാരണ സേനയും സജ്ജമാണെന്ന് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ അറിയിച്ചു. ചെന്നൈയുള്‍പ്പടെയുളള മിക്ക സ്ഥലങ്ങളിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. അനാവശ്യമായി ആരും പുറത്തിറങ്ങരുതെന്നും മുന്‍കരുതല്‍ നല്‍കിയിട്ടുണ്ട്. ബംഗാള്‍ ഉള്‍ക്കടലില്‍ കഴിഞ്ഞ ദിവസം രൂപപ്പെട്ട ചുഴലിക്കാറ്റ് നിലവില്‍ വടക്കന്‍ തമിഴ്നാട് ലക്ഷ്യമാക്കിയാണ് നീങ്ങുന്നത്.
നാളെ പുലര്‍ച്ചെയോടെ ആന്ധ്രാ പ്രദേശിലെ നെല്ലൂരിനും മച്‌ലിപട്ടണത്തിനും ഇടയില്‍ കര തൊടുമെന്നാണു നിലവിലെ നിഗമനം. തമിഴ്‌നാട് തീരത്ത് മത്സ്യബന്ധനം പൂര്‍ണമായി വിലക്കി.ചെങ്കല്‍പേട്ട്, കാഞ്ചീപുരം, ചെന്നൈ, തിരുവള്ളൂര്‍ തുടങ്ങിയ ജില്ലകളില്‍ മണിക്കൂറില്‍ 60-70 കിലോമീറ്റര്‍ വേഗത്തില്‍ അതിശക്തമായ കാറ്റ് വീശാന്‍ സാദ്ധ്യതയുണ്ടെന്നാണു മുന്നറിയിപ്പ്.
വില്ലുപുരം കൂഡല്ലൂര്‍ എന്നിവിടങ്ങളിലും കാറ്റ് ശക്തമാകും. ഗുരുനാനാക്ക് കോളേജിനു സമീപം കെട്ടിടം തകര്‍ന്ന് വീണ് പത്ത് ജീവനക്കാര്‍ കുടുങ്ങി. കേരളത്തിലേക്ക് അടക്കമുള്ള 118 ട്രെയിനുകളാണ് കനത്ത മഴയെത്തുടര്‍ന്ന് റദ്ദാക്കിയത്.