കോഴിക്കോട് പരീക്ഷയ്ക്കിടെ വിദ്യാര്‍ത്ഥിനിക്ക് പീഡനം, അദ്ധ്യാപകന് ഏഴ് വര്‍ഷം കഠിന തടവ്

Monday 04 December 2023 3:21 PM IST

കോഴിക്കോട്: പരീക്ഷ നടക്കുന്നതിനിടെ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ അദ്ധ്യാപകന് തടവ് ശിക്ഷ വിധിച്ച് കോടതി. ഏഴ് വര്‍ഷം കഠിന തടവിനാണ് കോടതി ശിക്ഷിച്ചത്.

കോഴിക്കോട് വടകര മേമുണ്ട സ്വദേശി അഞ്ചുപുരയില്‍ ലാലു ആണ് കേസില്‍ പ്രതിയായ അദ്ധ്യാപകന്‍.

ഏഴ് വര്‍ഷത്തെ കഠിന തടവിന് പുറമേ 50000 രൂപ പിഴയും ചുമത്തിയിട്ടുണ്ട്. നാദാപുരം അതിവേഗ പോക്‌സോ കോടതിയുടേതാണ് ശിക്ഷാവിധി.

ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്ലസ്ടു കണക്ക് പരീക്ഷയുടെ ഡ്യൂട്ടിക്കായി പെണ്‍കുട്ടി പരീക്ഷയെഴുതിയ സ്‌കൂളിലെത്തിയ അദ്ധ്യാപകന്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന് പെണ്‍കുട്ടി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിലാണ് അദ്ധ്യാപകനെ അറസ്റ്റ് ചെയ്തത്.