ബാങ്കുകളിൽ നിന്ന് ലോൺ വാഗ്ദാനം നൽകി കബളിപ്പിച്ച് പണം തട്ടുന്ന യുവതി അറസ്റ്റിൽ

Tuesday 05 December 2023 4:22 AM IST

വട്ടപ്പാറ: ബാങ്കുകളിൽ നിന്ന് മുദ്രാ ലോൺ ഉൾപ്പെടെയുള്ള ലോണുകളെടുക്കാൻ സഹായിക്കാമെന്നു പറഞ്ഞ് കബളിപ്പിച്ച് പണവും സ്വർണവും തട്ടിയ കേസിൽ യുവതി അറസ്റ്റിൽ. വട്ടപ്പാറ തെക്കുംകോണം രേവതി ഭവനിൽ മിനിയെയാണ് (43) വട്ടപ്പാറ പൊലീസ് പിടികൂടിയത്.

നിരവധി പേരിൽ നിന്നായി 50 ലക്ഷത്തോളം രൂപയും 45 പവൻ സ്വർണവും തട്ടിച്ച കേസിലാണ് അറസ്റ്റ്. വിവിധ ബാങ്കുകളിൽ നിന്ന് ലോണുകൾ തരപ്പെടുത്തി നൽകാമെന്നു പറഞ്ഞ് വേറ്റിനാട് സ്വദേശികളായ കിരൺ,അരുൺ,റസിയ,സുരേഷ് എന്നിവരിൽ നിന്ന് രണ്ടുലക്ഷം രൂപയും മണ്ണന്തല മുക്കോല സ്വദേശിയായ അഭയകുമാറിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും നാല് ലക്ഷം രൂപയുമാണ് തട്ടിയത്. എട്ടുമാസം മുമ്പ് വിവാഹിതനായ അരുൺ കഴിഞ്ഞയാഴ്ച ആത്മഹത്യ ചെയ്‌തിരുന്നു. കെട്ടിട നിർമാണ കോൺട്രാക്ടറായിരുന്ന അരുണിന് വൻതുക ലോൺ തരപ്പെടുത്തി നൽകാമെന്നു പറഞ്ഞാണ് മിനി മുൻകൂട്ടി തുക വാങ്ങിയത്. സഹോദരനിൽ നിന്നുൾപ്പെടെ കടം വാങ്ങിയ തുക യഥാസമയം തിരികെ നൽകാൻ കഴിയാത്ത വിഷമത്തിൽ അരുൺ ജീവനൊടുക്കുകയായിരുന്നു.

അർബുദ രോഗിയായ മകൾ ഗുരുതരാവസ്ഥയിലാണെന്നു പറഞ്ഞ് കാച്ചാണി മൈലാടുംപാറ സ്വദേശി അനിതയുടെ കൈയിൽ നിന്ന് പലതവണയായി 45 പവനും വേങ്കോട് സ്വദേശി മനേക് ഷായുടെ കൈയിൽ നിന്ന് 17 ലക്ഷം രൂപയും പ്രതി പലപ്പോഴായി കൈപ്പറ്റി. മണ്ണന്തല മുക്കോല സ്വദേശി സാമിൽ നിന്ന് പ്രതിയുടെ പേരിൽ വട്ടപ്പാറയിലുള്ള വസ്‌തു വില്പനയ്‌ക്കെന്ന വ്യാജേന 12 ലക്ഷം രൂപയും മിനി തട്ടിയെടുത്തു.

വ്യാജ സ്വയം സഹായ സംഘത്തിന്റെ പേരിൽ സീൽ,ലെറ്റർപാഡ്,നോട്ടീസ് എന്നിവ നിർമ്മിച്ച് വൻതുക വായ്പാ വാഗ്ദാനം നൽകി ഫീസ് ഈടാക്കിയ കേസിൽ ഇവരെ നേരത്തെ ഫോർട്ട് സ്റ്റേഷനിൽ അറസ്റ്റുചെയ്‌തിട്ടുണ്ടെന്ന് വട്ടപ്പാറ പൊലീസ് അറിയിച്ചു. വട്ടപ്പാറ സി.ഐ ശ്രീജിത്ത്‌, എസ്.ഐ സുനിൽ ഗോപി, ജി.എസ്.ഐ സുനിൽകുമാർ, സി.പി.ഒമാരായ അരവിന്ദ്, ശിവലക്ഷ്‌മി എന്നിവരടങ്ങുന്ന സംഘം പിടികൂടിയ പ്രതിയെ റിമാൻഡ് ചെയ്‌തു.