രാത്രി വീടുകയറി ആക്രമണം; അഞ്ച് പേർ അറസ്റ്റിൽ
കല്ലമ്പലം: രാത്രിയിൽ സംഘം ചേർന്ന് വീട്ടിൽ അതിക്രമിച്ച് കയറി യുവാവിനെ മർദ്ദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ 5പേരെ കല്ലമ്പലം പൊലീസ് അറസ്‌റ്റ് ചെയ്‌തു. നാവായിക്കുളം വെട്ടിയറ കാവുവിള പുത്തൻവീട്ടിൽ ശ്രീജിത്ത് (20), ശ്രീകണ്ഠൻ (39),മനു(20), ബിനു(18), പാരിപ്പള്ളി പുലിക്കുഴി തണ്ണിപൊയ്ക് വീട്ടിൽ രാഹുൽ (19) എന്നിവരാണ് പിടിയിലായത്. 29ന് രാത്രി നാവായിക്കുളം വെട്ടിയറയിലാആണ് സംഭവം. വെട്ടിയറ സ്വദേശി അനീഷിനാണ് മർദ്ദനമേറ്റത്.
പ്രതികൾ സംഘമായി അനീഷിന്റെ വീട്ടിലെത്തുകയും മാതാവിനോട് ഭർത്താവിനെ തിരക്കിയാണ് വന്നതെന്നും മർദ്ദിക്കാനാണെന്നും അറിയിച്ചശേഷം അസഭ്യം പറഞ്ഞു. തുടർന്ന് അനീഷ് ഇതിനെ ചോദ്യം ചെയ്തു. ഇതിൽ പ്രകോപിതരായ പ്രതികൾ അനീഷിനെ മാതാവിന്റെ മുൻപിൽ വച്ച് ക്രൂരമായി മർദ്ദിക്കുകയും തടിക്കഷണം ഉപയോഗിച്ച് തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്‌തുവെന്നാണ് കേസ്.
അനീഷിന്റെ മാതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ വലയിലായത്. മർദ്ദനമേറ്റ അനീഷ് ഗുരുതര പരുക്കുകളോടെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.