'നോൺ വെജ് കടകൾ ഉടൻ അടച്ചുപൂട്ടണം'; അധികാരത്തിലെത്തിയതിന് പിന്നാലെ രാജസ്ഥാനിലെ ബിജെപി എംഎൽഎയുടെ പുതിയ നിർദേശം, വിമർശിച്ച് സോഷ്യൽ മീഡിയ

Monday 04 December 2023 9:07 PM IST

ജയ്പൂർ: കഴിഞ്ഞ ദിവസം നാല് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോൾ മദ്ധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിൽ ബിജെപി വൻ വിജയമാണ് സ്വന്തമാക്കിയത്. ഇതിൽ രാജസ്ഥാൻ, ചത്തീസ്ഗഡ് എന്നീ രണ്ട് സംസ്ഥാനങ്ങളിൽ വിജയം ബി ജെ പിയ്ക്ക് വളരെ പ്രധാനപ്പെട്ടതാണ്. കാരണം കോൺഗ്രസ് ഭരിച്ചിരുന്ന സംസ്ഥാനങ്ങളായിരുന്നു ഇതുരണ്ടും. രാജസ്ഥാനിൽ 115 സീറ്റ് നേടിയാണ് ബി ജെ പി വീണ്ടും അധികാരത്തിലെത്തിയത്. ഇപ്പോഴിതാ തിരഞ്ഞെടുപ്പിന് ശേഷം വീണ്ടും ചർച്ചയാകുകയാണ് രാജസ്ഥാൻ.

ജയ്പൂരിലെ ഹവാമഹൽ സീറ്റിൽ വിജയിച്ച ബി ജെ പി എം എൽ എ ബൽമുകുന്ദ് ആചാര്യയുടെ പുതിയ നിർദേശമാണ് ഇതിന് കാരണം. ഹവാമഹലിലെ തെരുവുകളിലെ എല്ലാ നോൺ വെജ് ഭക്ഷണശാലകളും ഉടൻ അടച്ചുപൂട്ടണമെന്നാണ് ബൽമുകുന്ദ് ആചാര്യ പറഞ്ഞത്. ഒരു ഉദ്യോഗസ്ഥനെ വിളിച്ച് ഇക്കാര്യം പറയുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.

'റോഡിലെ തുറസായ സ്ഥലത്ത് നോൺ വെജ് വിൽക്കാമോ?​ അതെ എന്നോ ഇല്ലെന്നോ കൃത്യമായി ഉത്തരം നൽകുക. വഴിയോരത്തെ നോൺ വെജ് കടകൾ ഉടൻ പൂട്ടണം. അവരുടെ ലെെസൻസും പരിശോധിക്കുക. ഇന്ന് വെെകുന്നേരം തന്നെ റിപ്പോർട്ട് നൽകുക.'- എന്നാണ് വീഡിയോയിൽ എം എൽ എ പറയുന്നത്. വീഡിയോ പ്രചരിച്ചതിന് പിന്നാലെ നിരവധി പേരാണ് ബൽമുകുന്ദ് ആചാര്യയ്‌ക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്.