നവ കേരള സദസിലെ ജനപങ്കാളിത്തം: പാർലമെന്റ് തിരഞ്ഞെടുപ്പിന് വേദിയൊരുക്കി എൽ.ഡി.എഫ്
തിരുവനന്തപുരം: മുഖ്യമന്ത്രിമാരും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസ് 140 മണ്ഡലങ്ങളിൽ മൂന്നിലൊരു ഭാഗം പിന്നിടുമ്പോൾ പാർലമെന്റ് തിരഞ്ഞെടുപ്പിലേക്കുള്ള എൽ.ഡി.എഫിന്റെ ആത്മവിശ്വാസമേറുന്നു. നവ കേരള സദസിലെ ജന പങ്കാളിത്തവും, ഉത്തരേന്ത്യയിലെ മൂന്ന് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലവും സംസ്ഥാനത്തുണ്ടാക്കാവുന്ന രാഷ്ട്രീയ പ്രതിഫലനങ്ങളുമാണ് ഇതിനടിസ്ഥാനം.
നരേന്ദ്ര മോദി വീണ്ടും അധികാരത്തിൽ വരുന്നത് തടയാനുള്ള പ്രതിപക്ഷ സഖ്യത്തിന് മദ്ധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഢ് സംസ്ഥാനങ്ങളിലെ ബി.ജെ.പി മുന്നേറ്റം തിരിച്ചടിയാണ്. ഇന്ത്യ മുന്നണയെ ഒരുമിപ്പിച്ച് നിറുത്തി മതേതര വോട്ട് ഭിന്നിക്കാതെ നോക്കുന്നതിൽ കോൺഗ്രസിനുണ്ടായ വീഴ്ചയും, ഏകാധിപത്യ മനോഭാവവുമാണ് ഇതിന് കാരണമായി സി.പി.എം ചൂണ്ടിക്കാട്ടുന്നത്. ബി.ജെ.പിയുടെ തീവ്ര ഹിന്ദുത്വം പിന്തുടർന്ന കോൺഗ്രസ്, ബി.ജെ.പിയുടെ 'ബി' ടീമിനെപ്പോലെയാണ് പ്രവർത്തിച്ചതെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണം.
ദേശീയ തലത്തിൽ ബി.ജെ.പിക്ക് ബദലാവാൻ കോൺഗ്രസിന് ഒറ്റയ്‌ക്കാകില്ലെന്ന സന്ദേശമാണ് ഫലങ്ങൾ നൽകുന്നതെന്ന പ്രചാരണത്തിനാവും സി.പി.എമ്മും, എൽ.ഡി.എഫും വരും നാളുകളിൽ മുൻതൂക്കം നൽകുക. 2019ലെ തിരഞ്ഞെടുപ്പിലെന്ന പോലെ, ബി.ജെ.പിക്കും മോദിക്കും ബദലായി കരുതി സംസ്ഥാനത്തെ ന്യൂനപക്ഷങ്ങൾ കോൺഗ്രസിനും രാഹുൽ ഗാന്ധിക്കും പിന്നിൽ അണി നിരക്കുന്നത് തടയുകയാണ് പ്രധാന ലക്ഷ്യം.
പാലസ്തീൻ വിഷയം ഗുണമായേക്കും
മോദി സർക്കാർ കൊണ്ടുവന്ന പാരത്വ ഭേദഗതി ബില്ലിനെതിരെ ശക്തമായ പ്രചാരണവുമായി സി.പി.എമ്മും എൽ.ഡി.എഫും രംഗത്തിറങ്ങിയെങ്കിലും 2019ലെ തിരഞ്ഞെടുപ്പിൽ അതിന്റെ ഗുണം മുന്നണിക്ക് ലഭിച്ചില്ല. മോദിയുടെ തുടർ ഭരണം തടയാൻ മത ന്യൂനപക്ഷങ്ങൾ കൂട്ടായി യു.ഡി.എഫിനെ പിന്തുണച്ചതോടെ, 20ൽ 19 സീറ്റും യു.ഡി.എഫ് നേടി. ഇടതു കോട്ടകളും തകർന്നു. എന്നാൽ പാലസ്തീൻ വിഷയത്തിലെ പ്രചാരണവും, ദേശീയ തലത്തിൽ കോൺഗ്രസിന്റെ ബല ക്ഷയവും 24ലെ തിരഞ്ഞെടുപ്പിൽ തങ്ങൾക്ക് കരുത്താകുമെന്നാണ് സി.പി.എമ്മിന്റെയും എൽ.ഡി.എഫിന്റെയും പ്രതീക്ഷ.
ബി.ജെ.പിക്കെതിരെ കോൺഗ്രസിന് ബദൽ മുദ്രാവാക്യമില്ല:ഗോവിന്ദൻ
ഹിന്ദി ഹൃദയ ഭൂമിയിൽ ബി.ജെ.പിയെ നേരിടാൻ കോൺഗ്രസിന് ഫലപ്രദമായ ബദൽ രാഷ്ട്രീയ മുദ്രാവാക്യമില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പറഞ്ഞു.
ബി.ജെ.പിയുമായി നേരിട്ട് ഏറ്റുമുട്ടിയ സ്ഥലങ്ങളിൽ കോൺഗ്രസ് പരാജയപ്പെട്ടു.
ബി.ജെ.പി തികഞ്ഞ വർഗീയതയിലേക്ക് നീങ്ങിയപ്പോൾ ജനങ്ങളുടെ ദുരിതങ്ങൾ പ്രതിഫലിപ്പിക്കുന്ന ഒരു മുദ്രാവാക്യവും കോൺഗ്രസ് മുന്നോട്ടു വച്ചില്ലെന്ന്.
അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു..
രാജ്യത്ത് മൂന്ന് സംസ്ഥാനങ്ങളിൽ മാത്രം ഭരണമുള്ള കോൺഗ്രസ് പ്രാദേശിക പാർട്ടിയുടെ നിലയിലേക്ക് മാറി. രാഷ്ട്രീയവും സംഘടനപരവുമായ പരാജയമാണ് കോൺഗ്രസിനുണ്ടായത്. ഇന്ത്യ മുന്നണിയിലെ മറ്റ് കക്ഷികളുമായി സഹകരിക്കേണ്ടെന്ന കനഗോലു സിദ്ധാന്തമാണ് അവർ സ്വീകരിച്ചത്. തോറ്റ സംസ്ഥാനങ്ങളിൽ പ്രാദേശിക പാർട്ടികളുമായി പരസ്പരം മത്സരിക്കുന്ന നിലയാണുണ്ടായത്.ബി.ജെ.പി വിരുദ്ധതയെ ഏകോപിപ്പിക്കാനോ അവരെ തോൽപ്പിക്കുകയെന്ന ഇന്ത്യാമുന്നണിയുടെ പൊതു മിനിമം പരിപാടി നടപ്പാക്കാനോ അവർക്ക് കഴിഞ്ഞില്ല. ഗുജറാത്തിൽ നിന്ന് പാഠം പഠിക്കാൻ അവർ തയ്യാറായില്ല. രാജസ്ഥാനിൽ സി.പി.എമ്മിനെ തോൽപ്പിക്കാൻ കോൺഗ്രസും ബി.ജെ.പിയും ഒരുമിച്ചു.ലോക്സഭാ തിരഞ്ഞെടുപ്പിൽ ഓരോ സംസ്ഥാനങ്ങളെ ഓരോ യൂണിറ്റായി എടുത്ത് കൃത്യമായ നിലപാടിന്റെ അടിസ്ഥാനത്തിൽ പ്രവർത്തിക്കണമെന്നാണ് സി.പി.എമ്മിന്റെ നിർദ്ദേശം..
രാഹുലിന്റെ മത്സരം കോൺ.തീരുമാനിക്കണം
കേരളത്തിൽ രാഹുൽ ഗാന്ധി മത്സരിക്കണമോ എന്ന് തീരുമാനിക്കേണ്ടത് കോൺഗ്രസാണെന്ന് ഗോവിന്ദൻ പറഞ്ഞു. ഇക്കാര്യത്തിൽ സി.പി.എം ആരോടും അപേക്ഷയുമായി പിന്നാലെ പോകില്ല. ബി.ജെ.പിയോടാണ് കോൺഗ്രസ് മത്സരിക്കേണ്ടത്. രാഹുൽ ഇവിടെ മത്സരിക്കുമ്പോൾ അത് നൽകുന്ന സന്ദേശമെന്താണ്.?. ബി.ജെ.പിയെ തോൽപ്പിക്കുക എന്നതാണ് സി.പി.എമ്മിന് പ്രധാനം.