കെ.പി. അനിൽകുമാർ സി.പി.എം ജില്ലാകമ്മിറ്റി അംഗം
കോഴിക്കോട്: കോൺഗ്രസിന്റെ സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി സ്ഥാനം വിട്ടെത്തിയ കെ.പി. അനിൽകുമാർ സി.പി.എം കോഴിക്കോട് ജില്ലാ കമ്മിറ്റിയിൽ. പാർട്ടിയിലെത്തി രണ്ടു വർഷവും രണ്ടു മാസവുമായപ്പോഴാണ് അനിൽകുമാറിനെ ജില്ലാ കമ്മിറ്റിയിൽ ഉൾപ്പെടുത്താൻ സി.പി.എം. സംസ്ഥാന കമ്മിറ്റി തീരുമാനിച്ചത്. 2021 സെപ്തംബർ 13നാണ് അനിൽകുമാർ കോൺഗ്രസ് വിട്ടത്.
സ്വന്തം തട്ടകമായ കൊയിലാണ്ടിയിൽ തുടർച്ചയായി നിയമസഭാ സീറ്റ് നിഷേധിച്ചതിലും, അർഹതപ്പെട്ട പദവിയൊന്നും നൽകാത്തതിലും പ്രതിഷേധിച്ചാണ് നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനമുന്നയിച്ച് അനിൽകുമാർ കോൺഗ്രസ് വിട്ടത്. പെട്ടിതൂക്കികൾക്കാണ്
കോൺഗ്രസിൽ സ്ഥാനം കൊടുക്കുന്നതെന്നും അനിൽ ആരോപിച്ചു..
വാർത്താസമ്മേളനത്തിന് ശേഷം നേരെ എ.കെ.ജി. സെന്ററിൽ എത്തിയാണ് സി.പി.എമ്മിൽ ചേർന്നത്. ഷോപ്പ്‌സ് ആൻഡ് കൊമേഴ്‌സ്യൽ യൂണിയൻ (സി.ഐ.ടി.യു.) ജില്ലാ പ്രസിഡന്റും,സി.ഐ.ടി.യു. സംസ്ഥാന ജനറൽ കൗൺസിൽ അംഗവുമായ അനിൽകുമാർ ഒഡേപെക് ചെയർമാനുമാണ്.