എ.വി.ഗോപിനാഥിനെ കോൺഗ്രസിൽ നിന്ന് സസ്‌പെൻഡ് ചെയ്തു

Tuesday 05 December 2023 1:38 AM IST

പാലക്കാട്: ഗുരുതരമായ സംഘടനാ വിരുദ്ധ പ്രവർത്തനം നടത്തിയതിന് മുൻ എം.എൽ.എ എ.വി.ഗോപിനാഥിനെ കോൺഗ്രസിന്റെ പ്രാഥമികാംഗത്വത്തിൽ നിന്നും സസ്‌പെൻഡ് ചെയ്തു. പാർട്ടി തീരുമാനത്തിന് വിരുദ്ധമായി നവകേരള സദസിൽ പങ്കെടുത്തതിനാണ് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ എം.പി സസ്‌പെൻഡ് ചെയ്തതെന്ന് ജനറൽ സെക്രട്ടറി ടി.യു.രാധാകൃഷ്ണൻ വാർത്താക്കുറിപ്പിൽ അറിയിച്ചു. കേരളത്തിൽ ജനദ്രോഹ ഭരണം നടത്തുന്ന പിണറായി സർക്കാർ നടത്തി വരുന്ന ജനവിരുദ്ധ പരിപാടി ബഹിഷ്‌കരിക്കാൻ കോൺഗ്രസും യു.ഡി.എഫും ഒറ്റക്കെട്ടായി തീരുമാനമെടുത്തതാണ്. ജനവിരുദ്ധ നയങ്ങൾക്കെതിരെ ജനാധിപത്യപരമായി പ്രതിഷേധിക്കുന്ന വിദ്യാർത്ഥികളും യുവാക്കളും വനിതകളും ഉൾപ്പെടെയുള്ള പ്രവർത്തകരെ ക്രൂരമായി അടിച്ചമർത്തിയാണ് പരിപാടിയുമായി സർക്കാർ മുന്നോട്ടു പോകുന്നത്. ഇതിൽ പങ്കെടുത്തത് തികഞ്ഞ അച്ചടക്ക ലംഘനമാണെന്ന് കെ.പി.സി.സി വ്യക്തമാക്കി.