ഇന്ത്യാ മുന്നണിയിൽ വിള്ളൽ യോഗത്തിനില്ലെന്ന് മമത

Tuesday 05 December 2023 12:34 AM IST

ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പ് തോൽവിയെ തുടർന്ന് ഇന്ത്യാ മുന്നണിയിൽ ഉടലെടുത്ത അലോസരം നാളെ മല്ലികാർജ്ജുന ഖാർഗെ വിളിച്ച മുന്നണി ഏകോപന യോഗത്തിലും പ്രതിഫലിച്ചേക്കും. പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ നേതാവുമായ മമത ബാനർജി യോഗത്തിൽ പങ്കെടുക്കില്ല.

മുന്നണിയിലെ കക്ഷികളുമായി സീറ്റ് ധാരണയുണ്ടാക്കുന്നതിൽ കോൺഗ്രസ് വരുത്തിയ പിഴവ് മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഢ് നിയമസഭാ തിരഞ്ഞെടുപ്പുകളിൽ പ്രതിഫലിച്ചെന്ന പ്രതികരണത്തിന് പിന്നാലെയാണ് യോഗം ബഹിഷ്‌കരിക്കാനുള്ള മമതയുടെ തീരുമാനം. യോഗത്തെക്കുറിച്ച് തനിക്ക് അറിയില്ലെന്നും വടക്കൻ ബംഗാളിൽ മുൻകൂട്ടി തീരുമാനിച്ച പരിപാടിയിൽ പങ്കെടുക്കേണ്ടതുണ്ടെന്നും മമത പറഞ്ഞു.

നാളത്തേത് അനൗപചാരികമായ യോഗമാണെന്ന് മമതയുടെ തീരുമാനത്തിന് പിന്നാലെ കോൺഗ്രസ് നേതാവ് ജയ്‌റാം രമേശ് പറഞ്ഞു.തിരഞ്ഞെടുപ്പ് തോൽവിയെ തുടർന്ന് മുന്നണിയെ ഒാർത്തതിന് നന്ദിയുണ്ടെന്ന് നാഷണൽ കോൺഫറൻസ് നേതാവ് ഒമർ അബ്ദുള്ളയും പരിഹസിച്ചിരുന്നു.

നിയമസഭാ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെ തീരുമാനിച്ച യോഗത്തിൽ അടുത്ത വർഷം നടക്കാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പ് തന്ത്രങ്ങൾ ചർച്ച ചെയ്യുമെന്നാണ് സൂചന. സെപ്‌തംബറിൽ മുംബയിലാണ് ഒടുവിൽ ഇന്ത്യാ മുന്നണിയുടെ യോഗം നടന്നത്.