കോപ് വേദിയിൽ ഇസ്രയേലിനെതിരെ പ്രതിഷേധം
ദുബായ് : ഗാസയിലെ ഇസ്രയേൽ ആക്രമണം അവസാനിപ്പിക്കണമെന്ന് ദുബായിൽ നടക്കുന്ന ഐക്യരാഷ്‌ട്ര സഭയുടെ ( യു.എൻ ) ' കോപ് 28' കാലാവസ്ഥാ ഉച്ചകോടി വേദിയിൽ പ്രതിഷേധം. ഗാസയിൽ അടിയന്തര വെടിനിറുത്തൽ വേണമെന്ന് നൂറുകണക്കിന് ആക്ടിവിസ്റ്റുകൾ ആവശ്യപ്പെട്ടു. യു.എന്നിന്റെ മേൽനോട്ടത്തിലുള്ള ബ്ലൂ സോൺ മേഖലയിൽ നടന്ന പ്രതിഷേധത്തിൽ പാലസ്തീനിയൻ പതാകകൾ ഉപയോഗിക്കുന്നതിനും ചില മുദ്രാവാക്യങ്ങൾ മുഴക്കുന്നതിനും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു.
അതിനിടെ, യു.എ.ഇയുടെ അദ്ധ്യക്ഷതയിൽ നടക്കുന്ന കോപ് 28 ഉച്ചകോടിയുടെ പ്രസിഡന്റ് സുൽത്താൻ അൽ ജാബർ ഫോസിൽ ഇന്ധനങ്ങളെക്കുറിച്ച് നടത്തിയ പ്രസ്താവന വിവാദമായി. ഫോസിൽ ഇന്ധനങ്ങൾ നിറുത്തലാക്കുന്നതിലൂടെ ആഗോള കാലാവസ്ഥാ ലക്ഷ്യങ്ങൾ കൈവരിക്കാനുമെന്നതിന് ശാസ്ത്രീയ തെളിവില്ലെന്നാണ് അൽ ജാബർ പറഞ്ഞത്. രാജ്യത്തെ എണ്ണ കമ്പനിയായ അഡ്നോക്കിന്റെ തലവൻ കൂടിയാണ് അൽ ജാബർ. ഫോസിൽ ഇന്ധനങ്ങൾ ഘട്ടംഘട്ടമായി അവസാനിപ്പിക്കുന്നത് അനിവാര്യമാണെന്ന് അൽ ജാബർ വിശദീകരിച്ചിരുന്നു. നവംബർ 30ന് തുടങ്ങിയ ഉച്ചകോടി ഈ മാസം 12 നാണ് അവസാനിക്കുക.