ബ്രിട്ടനിൽ ചേക്കേറാനുള്ള ഇന്ത്യാക്കാരുടെ മോഹവും പൊലിയുന്നു, നിയമം കടുപ്പിച്ചു; അടുത്ത വർഷം മുതൽ വിദ്യാർത്ഥികളും പെടാപ്പാടുപെടും
ലണ്ടൻ: തൊഴിൽ വിസ ലഭിക്കാനുള്ള കുറഞ്ഞ ശമ്പള പരിധി വർദ്ധിപ്പിച്ച് യുകെ. രാജ്യത്തേക്കുള്ള കുടിയേറ്റം കുറയ്‌ക്കുന്നതിന് വേണ്ടിയാണ് നടപടി സ്വീകരിച്ചതെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് പറഞ്ഞു. 26,200 പൗണ്ടിൽ നിന്നും 38,000 (40,01,932 രൂപ) പൗണ്ടായാണ് ശമ്പള പരിധി ഉയർത്തിയത്. ഫാമിലി വിസ ലഭിക്കാനും കുറഞ്ഞത് 38,700 പൗണ്ട് ശമ്പളം വേണം. ആശ്രിത വിസയ്‌ക്ക് അപേക്ഷിക്കാനുള്ള മിനിമം ശമ്പളം നേരത്തേ 18,600 പൗണ്ടായിരുന്നു
കഴിഞ്ഞ വർഷങ്ങളിൽ കനത്ത വർദ്ധനയാണ് കുടിയേറ്റത്തിലുണ്ടായത്. 2022ൽ മാത്രം 7,45,000പേരാണ് യുകെയിലേയ്‌ക്ക് കുടിയേറിയത്. ഇതിനാലാണ് തിരഞ്ഞെടുപ്പ് വർഷത്തിന് മുമ്പ് സർക്കാരിന്റെ ശക്തമായ നടപടി. പുതിയ നിയമങ്ങൾ പ്രാബല്യത്തിലാകുന്നതോടെ ഒരുവർഷം കൊണ്ട് കുടിയേറ്റത്തിൽ 3,00,000പേരുടെ കുറവുണ്ടാകുമെന്നാണ് കണക്കുകൂട്ടൽ. പുതിയ നിയമം നിലവിൽ വരുന്നതോടെ ഹെൽത്ത് ആൻഡ് കെയർ വർക്കർമാർക്കും പങ്കാളിയെയോ മക്കളെയോ ആശ്രിത വിസയിൽ ഒപ്പം കൂട്ടാനാകില്ല. കെയറർ വിസയുടെ ദുരുപയോഗം തടയുന്നതിനാണ് ഇത്തരമൊരു നടപടിയെന്നാണ് മന്ത്രി വ്യക്തമാക്കിയത്. ഈ വർഷം മാത്രം 75,717 ആശ്രിത വിസകളാണ് അനുവദിച്ചത്. കഴിഞ്ഞ വർഷം അനുവദിച്ചതിന്റെ ഇരട്ടിയിലധികമാണ് ഇത്. ഷോർട്ടേജ് ഒക്കുപ്പേഷൻ ലിസ്റ്റിലുള്ള ജോലികൾക്ക് ത്രഷ്‌ഹോൾഡ് തുകയിൽ അനുവദിച്ചിരുന്ന 20 ശതമാനം ഇളവും ഇനിമുതൽ ഇല്ലാതാകും.
സ്റ്റുഡന്റ് വിസയിൽ ഉള്ളവർക്ക് ആശ്രിത വിസയും പോസ്റ്റ് സ്റ്റഡി വർക്ക് വിസയും ലഭിക്കാനുള്ള മാനദണ്ഡങ്ങൾ നേരത്തേ സർക്കാർ കർശനമാക്കിയിരുന്നു. 2024 മുതൽ ഗവേഷണ സ്വഭാവമുള്ള പോസ്റ്റ് ഗ്രാജ്വേറ്റ് കോഴ്സുകൾക്ക് മാത്രമേ ആശ്രിത വിസയും പിഎസ്ഡബ്ല്യുവും അനുവദിക്കുകയുള്ളു. ഈ നിയമം പ്രഖ്യാപിച്ചതോടെ ബ്രിട്ടനിലേയ്‌ക്കുള്ള സ്റ്റുഡന്റ് വിസയുടെ ഒഴുക്ക് കുറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ പുതിയ തീരുമാനമെടുത്തിരിക്കുന്നത്.