പട്ടിണി കിടന്ന് മരിച്ച ഭിക്ഷക്കാരന്റെ വസ്ത്രം പരിശോധിച്ചപ്പോൾ ഒരു ലക്ഷത്തിലധികം രൂപ; കാര്യം മനസിലാകാതെ ആശുപത്രി ജീവനക്കാർ

Tuesday 05 December 2023 12:59 PM IST

സൂററ്റ്: പട്ടിണി കിടന്ന് മരിച്ച ഭിക്ഷക്കാരനിൽ നിന്നും ഒരു ലക്ഷത്തിലധികം രൂപ കണ്ടെത്തി. കൈയിൽ പണമുണ്ടായിട്ടാണ് 50കാരൻ ദിവസങ്ങളോളം പട്ടിണി കിടന്ന് മരിച്ചതെന്ന് പൊലീസ് പറയുന്നു.

ഭിക്ഷക്കാരൻ പട്ടിണി കിടക്കുന്ന വിവരം സമീപത്തുള്ള കടയുടമയാണ് വൽസാദ് പൊലീസിനെ വിളിച്ച് അറിയിച്ചത്. ഗാന്ധി ലൈബ്രറിക്ക് സമീപമാണ് ഇയാൾ കിടക്കുന്നതെന്ന് കടയുടമ പറഞ്ഞതനുസരിച്ച് പൊലീസുകാർ അവിടേയ്‌ക്കെത്തി. ആരോഗ്യനില വഷളായെന്ന് കണ്ടതോടെ ഭിക്ഷക്കാരനെ ഉദ്യോഗസ്ഥർ ആശുപത്രിയിലെത്തിച്ചു. തുടർന്ന് ആശുപത്രി ജീവനക്കാരാണ് ഇയാളുടെ വസ്ത്രത്തിൽ നിന്നും 1.14 ലക്ഷം രൂപ കണ്ടെടുത്തത്. 500, 200, 100,20,10ന്റെ നോട്ടുകൾ കെട്ടുകളാക്കിയാണ് വച്ചിരുന്നത്. ഷർട്ടിന്റെയും പാന്റിന്റെയും പോക്കറ്റുകളിൽ ചെറിയ പ്ലാസ്റ്റിക് ബാഗുകളിലാക്കി പൊതിഞ്ഞ നിലയിലായിരുന്നു.

ആശുപത്രിയിൽ വച്ച് ഭിക്ഷക്കാരൻ ചായ ചോദിച്ചിരുന്നു. ഇയാളുടെ രക്തത്തിൽ പഞ്ചസാരയുടെ അളവ് വളരെ കുറവായിരുന്നു. ഡ്രിപ്പിട്ട ശേഷം ചികിത്സ ആരംഭിച്ചു. എന്നാൽ, ഒരു മണിക്കൂറിനുള്ളിൽ ഇയാൾ മരിച്ചു. ദിവസങ്ങളോളം പട്ടിണി കിടന്നതാവാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മരിച്ചയാളുടെ പേര് ഉൾപ്പെടെയുള്ള മറ്റ് വിവരങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല.