കർണി സേന ദേശീയ അദ്ധ്യക്ഷൻ വെടിയേറ്റ് കൊല്ലപ്പെട്ടു; ആക്രമണം ബിഷ്‌ണോയി സംഘത്തിന്റെ ഭീഷണിക്ക് പിന്നാലെ

Tuesday 05 December 2023 4:05 PM IST

ജയ്പൂർ: കർണി സേന ദേശീയ അദ്ധ്യക്ഷൻ സുഖ്‌ദേവ് സിംഗ് ഗോഗമേദിയെ പട്ടാപ്പകൽ അജ്ഞാതർ വെടിവച്ച് കൊലപ്പെടുത്തി. ചൊവ്വാഴ്ച രാജസ്ഥാനിലെ ജയ്പൂരിൽ വച്ചായിരുന്നു സംഭവം. അജ്ഞാത സംഘം സുഖ്‌ദേവ് സിംഗിനെതിരെയും അദ്ദേഹത്തിന്റെ ഗൺമാൻ നരേന്ദ്രനെതിരെയും വെടിയുതിർക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്. രണ്ട് പേരെയും ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും സുഖ്‌ദേവ് സിംഗിന്റെ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.

സംഭവം നടക്കുന്നത് ശ്യാം നഗർ പൊലീസ് സ്റ്റേഷന്റെ പരിധിയിലാണ്. വെടിവയ്പ്പിന് പിന്നാലെ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. പ്രദേശത്തെ സിസിടിവി ക്യാമറകൾ പൊലീസ് പരിശോധിക്കുന്നുണ്ട്. പ്രതികളെ കുറിച്ചുള്ള സൂചനകൾ ലഭിച്ചെന്നാണ് വിവരം. ഇവരെ കൂടാതെ രണ്ട് പേർക്ക് കൂടെ വെടിവയ്പ്പിൽ പരിക്കേറ്റെന്ന റിപ്പോർട്ടും പുറത്തുവരുന്നുണ്ട്. നേരത്തെ ലോറൻസ് ബിഷ്‌ണോയി സംഘത്തിലെ സമ്പത്ത് നെഹ്റയിൽ നിന്ന് സുഖ്‌ദേവ് സിംഗ് ഗോഗമേദിക്ക് ഭീഷണിയുണ്ടായിരുന്നു. ഇക്കാര്യം പൊലീസ് സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്തിരുന്നു.

ഈ വർഷം ജൂണിൽ മദ്ധ്യപ്രദേശിലെ ഇൻഡോറിൽ കർണി സേനയുടെ പ്രാദേശിക പ്രവർത്തകനെ കാറിൽ വെടിയേറ്റ് ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. കർണി സേനയുടെ ജില്ലാ വർക്കിംഗ് പ്രസിഡന്റായ 27 കാരനായ മോഹിത് പട്ടേലിന്റെ മൃദേഹമാണ് കനാഡിയ പൊലീസ് സ്റ്റേഷൻ പരിധിയിൽ വച്ച് കാറിൽ കണ്ടെത്തിയത്.