മകനെ മർദ്ദിച്ചവരെ ലക്ഷ്യംവച്ച് കാറോടിച്ച് കയറ്റി; ഇടിച്ചത് സ്വന്തം മകനെ, അമ്മ അറസ്റ്റിൽ

Tuesday 05 December 2023 4:51 PM IST

തല്ലഹസി: അമ്മ ഓടിച്ച കാറിടിച്ച് മകന് പരിക്ക്. മകനെ മർദ്ദിച്ചവരെ ലക്ഷ്യംവച്ച് കാറോടിക്കുന്നതിനിടെ അബദ്ധത്തിൽ 12കാരനെ ഇടിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞയാഴ്‌ച ഫ്ലോറിഡയിലായിരുന്നു സംഭവം നടന്നത്. അപകടത്തിൽ ക്വാന്റാവിയ മിൽട്ടാണൈസ് സാമുവേൽ (33) എന്ന യുവതിയെ അറസ്റ്റ് ചെയ്തതായി പൊലീസ് വ്യക്തമാക്കി.

സംഭവദിവസം സ്‌കൂൾ കഴിഞ്ഞ് വീട്ടിലെത്തിയ മകൻ ബാഗ് മറന്നതായി പറഞ്ഞുവെന്ന് മിൽട്ടാണൈസ് പൊലീസിന് മൊഴി നൽകി. തുടർന്ന് കുട്ടി തിരികെ സ്‌കൂളിൽ എത്തി. കുറച്ചുകഴിഞ്ഞ് സ്‌കൂളിലെ ചില കുട്ടികൾ തന്നെ ആക്രമിക്കുന്നതായി മകൻ അമ്മയെ ഫോണിൽ വിളിച്ചറിയിച്ചു. ഇതിൽ ഒരു കുട്ടിയുടെ കൈവശം തോക്കുണ്ടായിരുന്നു. ഇതുകേട്ട മിൽട്ടാണൈസ് മകനെ രക്ഷിക്കാൻ കാറുമെടുത്ത് സ്‌‌കൂളിലെത്തി.

സ്‌കൂളിലെത്തിയ മിൽട്ടാണൈസ് കുട്ടികൾ അടികൂടുന്നത് അവസാനിപ്പിക്കാൻ അവരുടെ ഇടയിലേയ്ക്ക് എസ് യു വി ഓടിച്ചുകയറ്റി. എന്നാൽ ഇതിനിടെ അബദ്ധത്തിൽ മകനെ ഇടിക്കുകയായിരുന്നു. അപകടത്തിൽ 12കാരന് ചെറിയ പരിക്കുകൾ ഏറ്റിരുന്നു.

ഇതിനിടെ മറ്റ് കുട്ടികൾ അവിടെനിന്ന് ഓടിക്കളഞ്ഞു. മകനെ കാറിനകത്ത് കയറ്റിയിരുത്തിയ യുവതി ആശുപത്രിയിലെത്തിക്കാതെ മകനെ മർദ്ദിച്ച കുട്ടികളുടെ പുറകെ കാർ ഓടിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. ഒരു കുട്ടിയുടെ വീടിന് മുന്നിൽ പാർക്ക് ചെയ്തതിനുശേഷമാണ് മിൽട്ടാണൈസ് പൊലീസിനെ വിവരമറിയിച്ചത്. എന്നാൽ കുട്ടിയിൽ നിന്ന് പൊലീസിന് തോക്ക് കണ്ടെത്താനായില്ല.

ഇതിനുശേഷമാണ് 12കാരനെ ആശുപത്രിയിൽ എത്തിച്ചത്. തുടർന്ന് കാലിലും ഇടിപ്പിലും വേദനയുള്ളതായി കുട്ടി ആശുപത്രി അധികൃതരെ അറിയിക്കുകയായിരുന്നു. മാരകായുധം ഉപയോഗിച്ച് ആക്രമണം നടത്തിയെന്ന പേരിലാണ് യുവതി അറസ്റ്റിലായത്.