കാശ്മീരില്‍ മരിച്ച മലയാളികള്‍ പാലക്കാട് സ്വദേശികള്‍, യുവാക്കളുടെ സംഘം പോയത് വിനോദസഞ്ചാരത്തിന്
ശ്രീനഗര്‍: ജമ്മുകാശ്മീരിലെ സോജില പാസില്‍ കാര്‍ കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ മരിച്ച മലയാളികളെ തിരിച്ചറിഞ്ഞു. പാലക്കാട് ചിറ്റൂര്‍ സ്വദേശികളായ സുധേഷ് (32), അനില്‍ (34), രാഹുല്‍ (28), വിഘ്‌നേഷ് (23) എന്നിവരും വാഹനത്തിന്റെ ഡ്രൈവറും കശ്മീര്‍ സ്വദേശിയുമായ ഇജാസ് അഹമ്മദ് അവാനുമുള്‍പ്പെടെ അഞ്ച് പേരാണ് മരിച്ചത്.
അപകടത്തില്‍ മൂന്ന് മലയാളികള്‍ക്ക് പരിക്കേറ്റു. ചിറ്റൂര്‍ ജെടിഎസിന് സമീപത്തുള്ള പത്ത് യുവാക്കളാണ് സംഘത്തില്‍ ഉണ്ടായിരുന്നത് എന്നാണ് വിവരം. ഇതില്‍ ഏഴ് പേരാണ് അപകടത്തില്‍പ്പെട്ട വാഹനത്തിലുണ്ടായിരുന്നത്. മനോജ്, രജീഷ്, അരുണ്‍ എന്നിവര്‍ പരിക്കേറ്റ് ചികിത്സയിലാണ്. ഇതിലൊരാളുടെ നില ഗുരുതരമാണ്.
മോശം കാലാവസ്ഥയാണ് അപകടത്തിന് കാരണമെന്നാണ് ജമ്മുകാശ്മീര്‍ പൊലീസ് പറയുന്നത്. നവംബര്‍ 30ന് ട്രെയിന്‍ മാര്‍ഗമാണ് യുവാക്കളുടെ സംഘം കാശ്മീരിലേക്ക് വിനോദയാത്ര പോയത്. സോനം മാര്‍ഗിലേക്ക് പോകുകയായിരുന്ന കാര്‍ ശ്രീനഗറിലെ സോജില പാസിനടുത്ത് വച്ച് കൊക്കയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്.
4 Kerala residents killed, 2 injured As Vehicle Slips Into Gorge on Zojila Pass
— Daily Excelsior (@DailyExcelsior1) December 5, 2023
Watch Full Video On Youtube |https://t.co/Skg3BSHFf0 pic.twitter.com/Fy4noYO0Ns
മലയാളികളായ ഏഴംഗ സംഘവും ഡ്രൈവറുമാണ് അപകടം സംഭവിച്ച വാഹനത്തിലുണ്ടായിരുന്നത്. മൃതദേഹങ്ങള്‍ ശ്രീനഗറിലെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.