സ്വിഫ്റ്റ് ബസ് ഡ്രൈവറെ മർദ്ദിച്ച സി.പി.എം നേതാവ് അറസ്റ്റിൽ

Wednesday 06 December 2023 3:43 AM IST

അമ്പലപ്പുഴ: കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് ബസിലെ ഡ്രൈവറെ മർദ്ദിച്ചതിന് സി.പി.എം അമ്പലപ്പുഴ ഏരിയ കമ്മിറ്റി അംഗം പ്രശാന്ത് എസ്. കുട്ടിക്കെതിരെ അമ്പലപ്പുഴ പൊലീസ് കേസെടുത്തു. ബസ് ജീവനക്കാർ മർദ്ദിച്ചെന്ന പ്രശാന്തിന്റെ പരാതിയിൽ ജീവനക്കാർക്കെതിരെയും കേസെടുത്തിട്ടുണ്ട്. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടിയ പ്രശാന്ത് എസ്.കുട്ടിയുടെ അറസ്റ്റ് രേഖപ്പെടുത്തിയശേഷം പൊലീസ് കാവലിലാക്കി. പരിക്കേറ്റ, പാലക്കാട് ഡിപ്പോയിലെ ഡ്രൈവർ അരുൺ ആലപ്പുഴ ജനറൽ ആശുപത്രിയിൽ ചികിത്സ തേടി.

ഞായറാഴ്ച രാത്രി 11.30 ഓടെയായിരുന്നു സംഭവം. പാലക്കാട് നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് ബസിന് മുന്നിൽ പറവൂർ മുതൽ പ്രശാന്ത് എസ്.കുട്ടിയുടെ കാർ തടസം സൃഷ്ടിച്ചെന്നും വണ്ടാനം ഭാഗത്തുവെച്ച് വാക്കുതർക്കമുണ്ടായെന്നും ബസ് ജീവനക്കാർ പറഞ്ഞു. പായൽക്കുളങ്ങരയെത്തിയപ്പോൾ ബസ് തടഞ്ഞ് ഡ്രൈവർ അരുണിനെ മർദ്ദിക്കുകയും യാത്രക്കാരെ അസഭ്യം പറയുകയും ചെയ്തെന്നാണ് പരാതി. ഏതാനും ഡി.വൈ.എഫ്.ഐ പ്രവർത്തകരും പ്രശാന്ത് കുട്ടിയോടൊപ്പം ഉണ്ടായിരുന്നെന്നും വിവരം അറിഞ്ഞെത്തിയ പൊലീസുകാരെ ഇവർ അസഭ്യം പറയുകയും കൈയേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തെന്നും യാത്രക്കാർ പറയുന്നു. യാത്രക്കാരെ പിന്നീട് മറ്റ് ബസ്സുകളിൽ കയറ്റിയാണ് തിരുവനന്തപുരത്തേക്ക് വിട്ടത്.