ലേഡീസ് ടൈലറിംഗ് കടയിൽ മോഷണം: അസാം സ്വദേശി പിടിയിൽ

Wednesday 06 December 2023 3:44 AM IST

പെരുമ്പാവൂർ: ലേഡീസ് ടൈലറിംഗ് കടയിൽക്കയറി മൂന്നുപവൻ സ്വർണവും 5000 രൂപയും മോഷണം നടത്തിയ കേസിൽ പ്രതി പിടിയിൽ. അസാം നൗഗൗവ് സ്വദേശി മെഹ്ഫൂസ് അഹമ്മദിനെയാണ് (23) പെരുമ്പാവൂർ പൊലീസ് പിടികൂടിയത്. കഴിഞ്ഞ 30ന് പട്ടാൽ ഭാഗത്തെ കടയിലായിരുന്നു മോഷണം. രാവിലെ കടതുറന്ന് സ്വർണവും പണവും അടങ്ങിയ ബാഗ് കടയിൽ വച്ചതിനുശേഷം തൊട്ടടുത്ത വീട്ടിലേക്ക് പോയ സമയത്തായിരുന്നു മോഷണം. പൊലീസ് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് പ്രതിയെ പെരുമ്പാവൂരിൽനിന്ന് പിടികൂടിയത്. മോഷ്ടിച്ച സ്വർണം പൊലീസ് കണ്ടെടുത്തു. മോഷണക്കേസിൽ മൂന്നുമാസത്തെ ജയിൽശിക്ഷയ്ക്കുശേഷം രണ്ടുമാസംമുമ്പാണ് ഇയാൾ പുറത്തിറങ്ങിയത്.

ഇൻസ്പെക്ടർ ആർ. രഞ്ജിത്ത്, എസ്.ഐ റിൻസ് എം. തോമസ്, എ.എസ്.ഐ ജോഷി തോമസ്, സീനിയർ സി.പി.ഒ പി.എ. അബ്ദുൽ മനാഫ്, സി.പി.ഒ കെ.എ. അഭിലാഷ് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.