കാമുകനെ കാണാന്‍ കറാച്ചിയില്‍ നിന്ന് കൊല്‍ക്കത്തയിലേക്ക് പറന്ന് പാക് സുന്ദരി; വിസ അനുവദിച്ച് കേന്ദ്ര സര്‍ക്കാര്‍

Tuesday 05 December 2023 10:56 PM IST

കൊല്‍ക്കത്ത: പ്രതിശ്രുത വരനായ കാമുകനെ നേരില്‍ കാണാന്‍ കൊല്‍ക്കത്തയിലെത്തി പാകിസ്ഥാനി യുവതി. കറാച്ചി സ്വദേശിയായ ജവേരിയ ഖാനും ആണ് കാമുകനായ സമീര്‍ ഖാനെ കാണാന്‍ കൊല്‍ക്കത്തയിലേക്ക് എത്തിയത്. 21കാരിയായ ജവേരിയക്ക് കേന്ദ്ര സര്‍ക്കാര്‍ 45 ദിവസത്തെ വിസ അനുവദിച്ചതിന് പിന്നാലെയായിരുന്നു യാത്ര. വാഗാ അതിര്‍ത്തി വഴി ഇന്ത്യയിലെത്തിയ യുവതിയെ സമീറും പിതാവും ചേര്‍ന്ന് സ്വീകരിച്ചു.

കൊവിഡ് മഹാമാരിയും വിസ ലഭിക്കാനുള്ള ബുദ്ധിമുട്ടും കാരണം കഴിഞ്ഞ അഞ്ച് വര്‍ഷമായി ഇരുവരും നേരില്‍ കാണാനായി കാത്തിരിക്കുകയാണ്. മുമ്പ് രണ്ട് തവണ ജവേരിയയുടെ വിസയ്ക്കുള്ള അപേക്ഷ കേന്ദ്ര സര്‍ക്കാര്‍ തള്ളുകയും ചെയ്തിരുന്നു. ഒടുവില്‍ തന്റെ പ്രിയതമനെ കാണാന്‍ ഇന്ത്യയില്‍ എത്താന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ജവേരിയ. നിങ്ങളുടെ ഉദ്ദേശം നല്ലതാണെങ്കില്‍ അതിര്‍ത്തി ഒരു പ്രശ്‌നമേയല്ല എന്നാണ് ഇന്ത്യയിലെത്തിയ യുവതിയുടെ പ്രതികരണം.

സമീറും ജവേരിയയും ഒരുമിച്ച് മാദ്ധ്യമങ്ങളെ കാണുകയും ചെയ്തു. അടുത്ത വര്‍ഷം ജനുവരിയിലാണ് ഇവരുടെ വിവാഹം. സമീറിനെ കാണാനായി ഇന്ത്യയിലെത്താന്‍ വിസ അനുവദിച്ച കേന്ദ്ര സര്‍ക്കാറിന് ജവേരിയ നന്ദി പറഞ്ഞു. വിവാഹത്തിന് ശേഷം വിസ കാലാവധി നീട്ടാനുള്ള പദ്ധതിയിലാണ് ജവേരിയ.ഇന്ത്യയിലെത്തിയ തനിക്ക് സമീറിന്റെ ബന്ധുക്കളില്‍ നിന്ന് വലിയ വരവേല്‍പ്പും സ്‌നേഹവുമാണ് ലഭിക്കുന്നതെന്ന് ജവേരിയ പറഞ്ഞു.

ജര്‍മനിയില്‍ നിന്ന് നാട്ടിലെത്തിയ ശേഷം 2018ല്‍ അമ്മയുടെ ഫോണിലാണ് സമീര്‍ ആദ്യമായി യുവതിയെ കാണുന്നത്. കുട്ടിയെ വിവാഹം കഴിക്കാനുള്ള താത്പര്യം അപ്പോള്‍ തന്നെ വീട്ടുകാരെ അറിയിക്കുകയും ചെയ്തു. ജര്‍മനിയിലും ആഫ്രിക്കയിലും അമേരിക്കയിലുമുള്ള തന്റെ സുഹൃത്തുക്കള്‍ വിവാഹത്തില്‍ പങ്കെടുക്കുമെന്ന് സമീര്‍ പറഞ്ഞു.