കേന്ദ്ര അവഗണന: വാക്പോരിന് വഴിതുറന്ന് പ്രതാപന്റെ പ്രമേയം
ന്യൂഡൽഹി: കേരളത്തോടുള്ള കേന്ദ്ര അവഗണനയ്ക്കെതിരെ കോൺഗ്രസ് എം.പി ടി.എൻ. പ്രതാപൻ ലോക്‌സഭയിൽ കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടീസ് ചൂടേറിയ രാഷ്ട്രീയ ചർച്ചയ്ക്ക് വഴിതുറന്നു.
മുഖ്യമന്ത്രി പിണറായി വിജയൻ പ്രതാപനെ കൈയോടെ അഭിനന്ദിച്ചു. സി.പി.എം- കോൺഗ്രസ് ബന്ധം മറനീക്കിയെന്ന് ബി.ജെ.പി ആരോപിച്ചു. അതേസമം, പ്രതാപനെ പിന്താങ്ങാത്ത നിലപാടാണ് അദ്ദേഹത്തിന്റെ പാർട്ടിക്കാരനായ പ്രതിപക്ഷ നേതാവ് സ്വീകരിച്ചത്.
കേരളത്തെ സാമ്പത്തികമായി ഞെരുക്കുന്നത് നടപടികൾ നിറുത്തിവച്ച് ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ടാണ് ടി.എൻ. പ്രതാപൻ ഇന്നലെ അടിയന്തര പ്രമേയ നോട്ടീസ് നൽകിയത്. സ്‌പീക്കർ അവതരണാനുമതി നിഷേധിച്ചു.
കേന്ദ്രം കേരളത്തെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാക്കി. അർഹമായ വിഹിതങ്ങളോ, സാമ്പത്തിക സഹായമോ കൃത്യമായി വിതരണം ചെയ്യുന്നില്ല. ബി.ജെ.പി ഇതര പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളോട് കടുത്ത അവഗണനയാണ്. ഫെഡറൽ സംവിധാനം തകർന്നു. 2018 പ്രളയ കാലത്ത് മതിയായ ഫണ്ട് നൽകിയില്ലെന്നു മാത്രമല്ല വിദേശ ധനസഹായം മുടക്കുകയും ചെയ്തു. ദുരിതാശ്വാസ സഹായത്തിന് ബിൽ നൽകിയെന്നും പ്രതാപൻ ആരോപിച്ചു.
നീക്കം സി.പി.എമ്മിനെ സഹായിക്കാനാണ്. കേന്ദ്രം ഒരു വിവേചനവും കാണിക്കുന്നില്ല. ഉച്ചക്കഞ്ഞിയുടെയും, തൊഴിലുറപ്പിന്റെയും വിഹിതമെല്ലാം നൽകിയെന്ന് പ്രതാപനറിയാം. എന്നിട്ടും പിണറായിയുടെ നിലപാടിനോട് കോൺഗ്രസ് യോജിക്കുകയാണ്. അങ്ങനെയെങ്കിൽ കുറ്റവിചാരണ സദസ് എന്തിനെന്ന് നേതൃത്വം പറയണം.
- വി. മുരളീധരൻ, കേന്ദ്രമന്ത്രി
കേന്ദ്രം നികുതി വിഹിതം കുറച്ചതിൽ ശക്തമായ എതിർപ്പുണ്ട്. പക്ഷേ, സാമ്പത്തിക പ്രതിസന്ധി മുഴുവനും കേന്ദ്രം ഉണ്ടാക്കിയതാണെന്ന വാദത്തോട് യോജിപ്പില്ല. നികുതി പിരിവിലുള്ള കെടുകാര്യസ്ഥതയാണ് ധനപ്രതിസന്ധിക്ക് പ്രധാനകാരണം. ഡി.എ കുടിശ്ശികയ്ക്കു വേണ്ടി ധനമന്ത്രിയുടെ ഭാര്യയ്ക്ക് സെക്രട്ടേറിയറ്റിന് മുന്നിൽ മുദ്രാവാക്യം വിളിക്കേണ്ടി വന്നു
- വി.ഡി. സതീശൻ, പ്രതിപക്ഷ നേതാവ്
- കേന്ദ്ര അവഗണനയ്‌ക്കെതിരെ അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകിയ ടി.എൻ. പ്രതാപന്റെ നടപടി അഭിനന്ദനീയം. ഇതുവരെയുള്ള തെറ്റ് തിരുത്താൻ തീരുമാനിച്ചാൽ അത് സ്വാഗതാർഹം.
പിണറായി വിജയൻ, മുഖ്യമന്ത്രി