മോഷ്‌ടിക്കാനുള്ള വീട്ടിൽ കയറി ഭക്ഷണമുണ്ടാക്കി കഴിക്കും, കക്കുന്നത് പാവപ്പെട്ട തൊഴിലാളികളുടെ ലയത്തിൽ, ഒടുവിൽ കുമാറിന് പിടിവീണു

Tuesday 05 December 2023 11:37 PM IST

കുമളി: വീടുകൾ കുത്തി തുറന്ന് മോഷണം പതിവാക്കിയയാളെ കുമളി പൊലീസ് അറസ്റ്റ് ചെയ്തു. ആനവിലാസം സ്വദേശി ജെ . കുമാർ (45) ആണ് പിടിയിലായത്.തൊഴിലാളികൾ ജോലിക്ക് പോകുന്ന തക്കം നോക്കി എസ്റ്റേറ്റ് ലയങ്ങളിൽ മോഷണം പതിവായിരുന്നു.കുമളി ശാസ്താംനട കണ്ണമല എസ്റ്റേറ്റിലെ തൊഴിലാളികളുടെ ലയങ്ങളിൽ നിന്ന് സ്വർണ്ണവും പണവും കവർന്ന കേസിലെ പ്രതിയാണ് പിടിയിലായത്.കഴിഞ്ഞ മാസം തുടർച്ചയായി രണ്ടു ദിവസം പ്രതി നടത്തിയ കവർച്ചയിൽ എയർ ഗൺ ഉൾപ്പടെ മോഷ്ടിക്കപ്പെട്ടിരുന്നു.ഒളിവിൽ പോയ ഇയാളെ കമ്പത്ത് നിന്നാണ് കുമളി പൊലീസ് പിടികൂടിയത്.


മോഷ്ടിക്കുന്ന വീട്ടിലെ അടുക്കളയിൽ തന്നെ ഭക്ഷണം ഉണ്ടാക്കി കഴിക്കുന്ന വിചിത്രമായ രീതി കുമാറിനുണ്ടായിരുന്നു. കണ്ണമല എസ്റ്റേറ്റിലെ തൊഴിലാളികളുടെ 5 വീടുകളിൽ പ്രതി കഴിഞ്ഞ മാസം മോഷണം നടത്തിയിരുന്നു. 2 പവൻ സ്വർണ്ണവും 14500 രൂപ വിലയുള്ള എയർ ഗണ്ണും 2600 രൂപയുമാണ് കവർന്നത്.
മുൻപും കവർച്ച കേസുകളിൽപ്പെട്ട് കുമാർ പൊലീസിന്റെ പിടിയിലായിട്ടുണ്ട്.കഴിഞ്ഞ ദിവസം ആനവിലാസത്തിന് സമീപം മൂന്ന് ലയങ്ങൾ കുത്തി തുറന്ന് നാലര പവൻ സ്വർണ്ണവും 26000 രൂപയും കവർന്ന കേസിലാണ് അറസ്റ്റ്. പ്രതിയെ പീരുമേട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു