ഖാലിസ്താനി ഭീകരൻ പാകിസ്ഥാൻ റോഡെ മരിച്ചു

Wednesday 06 December 2023 12:36 AM IST

ഇസ്ലാമാബാദ്: ഖാലിസ്ഥാൻ ഭീകരൻ ജർനൈൽ സിംഗ് ഭിന്ദ്രൻവാലയുടെ അനന്തരവനുംഖാലിസ്ഥാൻ നേതാവുമായ ലഖ്ബീർ സിംഗ് റോഡെ (71) പാകിസ്താനിൽ മരിച്ചു. ഹൃദയാഘാതമാണ് മരണകാരണം. ഖാലിസ്താൻ ലിബറേഷൻ ഫോഴ്സ് (കെ.എൽ.എഫ്), ഇന്റർനാഷ്ണൽ സിഖ് യൂത്ത് ഫെഡറേഷൻ (ഐ.എസ്.വൈ.എഫ്) എന്നീ സംഘടനകളുടെ തലവനായിരുന്നു. മൃതദേഹം തിങ്കളാഴ്ച സംസ്‌കരിച്ചതായി സഹോദരൻ അറിയിച്ചു.

ഐസിസിന്റെ സഹായത്തോടെ ഇന്ത്യക്കെതിരായ ഭീകര പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. ഭിന്ദ്രൻവാലയുടെ മരണശേഷം യു.എ.പി.എ ചുമത്തി ഭീകരനായി പ്രഖ്യാപിച്ചു. 1984ൽ പാകിസ്ഥാനിലേക്ക് നാടുവിട്ടു. തുടർന്ന് ഖലിസ്ഥാൻ ഭീകര സംഘമായ ഖാലിസ്ഥാൻ സിന്ദാബാദ് ഫോഴ്സിന്റെ തലവനായി. പാകിസ്ഥാനിൽ നിന്ന് പഞ്ചാബിലേക്ക് ലഹരി വസ്തുക്കളും ബോംബുകളും ആയുധങ്ങളും കടത്തി.

ശൗര്യചക്ര പുരസ്‌കാര ജേതാവും ഭീകരവാദവിരുദ്ധ പ്രവർത്തകനുമായിരുന്ന ബൽവീന്ദർ സിംഗിനെ കൊലപ്പെടുത്തിയതിന്റെയും 2021ൽ ലുധിയാന കോടതിയിലെ ബോംബ് സ്‌ഫോടനത്തിന്റെയും സൂത്രധാരനായിരുന്നു.

പഞ്ചാബിലെ മോഗയിൽ ദേശീയ അന്വേഷണ ഏജൻസികൾ (എൻ.ഐ.എ) നടത്തിയ റെയ്ഡിൽ ഇയാളുടെ സ്വത്തുക്കൾ കണ്ടുകെട്ടി.

ഐ.എസ്.വൈ.എഫ്

1984ൽ രൂപീകൃതമായി. കാനഡയിലും യു.കെയിലും സജീവം. ഭീകരസംഘടനയായ ലഷ്‌കറെ തൊയ്ബയുമായി ബന്ധമുള്ള സംഘടന. ഭീകരപ്രവർത്തന നിരോധന നിയമപ്രകാരം 2002 മാർച്ച് 22ന് ഇന്ത്യയിലും 2001ൽ യു.കെയിലും ഐ.എസ്.വൈ.എഫിനെ നിരോധിച്ചു. എന്നാൽ, യു.കെയിൽ സിഖ് ഫെഡറേഷൻ യു.കെ എന്ന പുതിയപേരിൽ പ്രവർത്തനമാരംഭിച്ചു.

Advertisement
Advertisement