രേവന്ത് റെഡ്ഡി തന്നെ മുഖ്യമന്ത്രി

Wednesday 06 December 2023 12:48 AM IST

ഹൈദരാബാദ്: മിന്നും വിജയത്തിലേക്ക് തെലങ്കാനയിലെ കോൺഗ്രസ് പാർട്ടിയെ നയിച്ച എ.രേവന്ത് റെഡ്ഡി തെലങ്കാനയുടെ അടുത്ത മുഖ്യമന്ത്രിയാകും. സത്യപ്രതിജ്ഞ നാളെ നടക്കും. രേവന്ത് റെഡ്ഡിയെ മുഖ്യമന്ത്രിയാക്കണമെന്നു ഭൂരിപക്ഷം എം.എൽ.എമാരും ആവശ്യപ്പെട്ടിരുന്നു. മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിനു മുന്നോടിയായി എം.എൽ.എമാരുമായി കോൺഗ്രസ് ദേശീയ നേതൃത്വം നടത്തിയ കൂടിക്കാഴ്ചയിലാണ് രേവന്തിനു ഭൂരിപക്ഷം ലഭിച്ചത്. മുതിർന്ന നേതാക്കളായ മല്ലു ഭട്ടി വിക്രമാർഗ, ഉത്തംകുമാർ റെഡ്ഡി എന്നിവരുടെ പേരുകളും മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയർന്നിരുന്നു.

ഇന്നലെ ഡൽഹിയിൽ നടന്ന യോഗത്തിൽ രാഹുൽ ഗാന്ധി, കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ, ദേശീയ ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ തുടങ്ങിയവർ പങ്കെടുത്ത യോഗത്തിലാണ് തീരുമാനമായത്.

കെ. ചന്ദ്രശേഖർ റാവുവിന്റെ നേതൃത്വത്തിലുള്ള ബി.ആർ.എസിനെ കടപുഴക്കിയാണ് പി.സി.സി. അദ്ധ്യക്ഷൻ രേവന്ത് റെഡ്ഡിയുടെ നേതൃത്വത്തിൽ കോൺഗ്രസ് സംസ്ഥാന ഭരണം പിടിച്ചെടുത്തത്. തിരഞ്ഞെടുപ്പിനുമുമ്പേ, വിജയഭേരി സഭയെന്ന പേരിൽ ഹൈദരാബാദിൽ പടുകൂറ്റൻ റാലികൾ സംഘടിപ്പിച്ച് പ്രവർത്തകരിൽ ആവേശം പകർന്ന ഈ അമ്പത്തിനാലുകാരൻ തന്നെയാണ് സംസ്ഥാനത്തെ കോൺഗ്രസിന്റെ വിജയശിൽപി.

ആദ്യം എ.ബി.വി.പി, പിന്നെ ടി.ഡി.പി

പഠനകാലത്ത് എ.ബി.വി.പി പ്രവർത്തകനായിരുന്നു രേവന്ത്. പിന്നീട് തെലുഗുദേശം പാർട്ടിയിലേക്ക്. 2009, 2014 വർഷങ്ങളിൽ കൊടങ്കലിൽ നിന്നുള്ള ടി.ഡി.പി എം.എൽ.എയായി. 2017ലാണ് കോൺഗ്രസിലെത്തുന്നത്. ആന്ധ്രാ വിരുദ്ധ വികാരം ശക്തി പ്രാപിച്ച തെലങ്കാനയിൽ തെലുഗുദേശം പാർട്ടിക്ക് ഭാവിയില്ലെന്ന് വ്യക്തമായപ്പോഴാണ് കോൺഗ്രസിലെത്തിയത്. നാലു വർഷത്തിനു ശേഷം പാർട്ടി അദ്ധ്യക്ഷൻ.

മല്ലു ഭട്ടി വിക്രമാർഗ ഉപമുഖ്യമന്ത്രി

കഴിഞ്ഞ സഭയിലെ പ്രതിപക്ഷ നേതാവ് മല്ലു ഭട്ടി വിക്രമാർഗ ഉപമുഖ്യമന്ത്രിയായേക്കും. പ്രവർത്തന പരിചയം കൊണ്ടും ജനപിന്തുണ കൊണ്ടും പൊതുസമ്മതനാണ് ഭട്ടി വിക്രമാർഗ. കർഷകരുടെയും തൊഴിലാളികളുടെയും നേതാവ്. വൈ.എസ്.ആർ സ്‌കൂളിലെ രാഷ്ട്രീയം, ഡെപ്യൂട്ടി സ്പീക്കർ, വിപ്പ്. കറതീർന്ന രാഷ്ട്രീയ ജീവിതമാണ് പിന്നാക്ക വിഭാഗത്തിൽ പെട്ട അദ്ദേഹത്തിന്റേത്.

ജനങ്ങളെ അറിയാൻ തെലങ്കാനയിൽ മല്ലുഭട്ടി നടന്ന 1300 കിലോമീറ്ററുകൾ വോട്ടായിട്ടുണ്ടെന്നാണ് നേതൃത്വത്തിന്റെ കണക്ക്. രേവന്ത് റെഡ്ഡിക്ക് മുമ്പ് പി.സി.സി അദ്ധ്യക്ഷനായിരുന്ന ഉത്തംകുമാർ റെഡ്ഡിക്കും പ്രധാന വകുപ്പുകൾ ലഭിച്ചേക്കും. ആദിവാസി വിഭാഗത്തിൽ നിന്നും സീതക്ക എന്ന അനസൂയ മന്ത്രിയാകും.