കേന്ദ്രമന്ത്രിമാർ ഉൾപ്പടെ പത്ത് ബിജെപി എംപിമാർ രാജിവച്ചു; കേന്ദ്ര മന്ത്രിസഭയിൽ അഴിച്ചുപണി ഉണ്ടാകും

Wednesday 06 December 2023 3:52 PM IST

ന്യൂഡൽഹി: വിവിധ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയിച്ച പത്ത് ബിജെപി എംപിമാർ രാജിവച്ചു. കേന്ദ്രമന്ത്രിമാരായ നരേന്ദ്ര സിംഗ് തോമർ, പ്രഹ്ലാദ് സിംഗ് പട്ടേൽ ഉൾപ്പെടെയുള്ളവരാണ് രാജിവച്ചത്. ബിജെപിയുടെ 12 എംപിമാരാണ് തിരഞ്ഞെടുപ്പിൽ വിജയിച്ചത്. ഇതിൽ കേന്ദ്രമന്ത്രി രേണുക സിംഗ്, മഹന്ത് ബാലകാന്ത് എന്നിവർ രാജിവച്ചിട്ടില്ല. ഇവരും ഉടൻ രാജിവയ്‌ക്കും. മന്ത്രിമാർ രാജിവച്ചതോടെ കേന്ദ്ര മന്ത്രിസഭയിൽ വൈകാതെ അഴിച്ചുപണിയുണ്ടാകുമെന്നാണ് സൂചന. രാജിവച്ച എംപിമാർക്ക് സംസ്ഥാനങ്ങളിൽ പ്രധാന ചുമതലകൾ നൽകിയേക്കും.

മദ്ധ്യപ്രദേശ്, ഛത്തീസ്‌ഗഡ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ച് വിജയിച്ച ബിജെപി എംപിമാരാണ് രാജിവച്ചത്. ഇവർ ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദയുമായി സംസാരിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ജെപി നദ്ദയുടെയും അദ്ധ്യക്തയില്‍ ചേര്‍ന്ന യോഗത്തിനു പിന്നാലെയാണ് എംപിമാരുടെ രാജി. നരേന്ദ്ര സിംഗ് തോമര്‍, പ്രഹ്ലാദ് സിംഗ് പട്ടേല്‍ എന്നിവര്‍ക്ക് പുറമെ മദ്ധ്യപ്രദേശില്‍ നിന്നുള്ള രാകേഷ് സിംഗ്, ഉദയ് പ്രതാപ്, റിതി പതക്, ഛത്തീസ്ഗഡില്‍ നിന്നുള്ള അരുണ്‍ സഹോ, ഗോമതി സായി, രാജസ്ഥാനില്‍ നിന്നുള്ള രാജ്യവര്‍ദ്ധന്‍ സിംഗ് റാത്തോ‍ഡ്, കിരോടി ലാല്‍ മീണ, ദിയ കുമാരി എന്നിവരാണ് രാജിവച്ചത്.

നരേന്ദ്ര സിംഗ് തോമറും പ്രഹ്ലാദ് പട്ടേലും എംപി സ്ഥാനത്തിന് പുറെ കേന്ദ്ര മന്ത്രിസ്ഥാനവും രാജിവച്ചിട്ടുണ്ട്. കിരോടി ലാല്‍ മീണ മാത്രമാണ് രാജ്യസഭയില്‍ നിന്നും രാജിവച്ചത്. മദ്ധ്യപ്രദേശിലും ഛത്തീസ്ഗഡിലും രാജസ്ഥാനിലും മുഖ്യമന്ത്രിമാരെ തിരഞ്ഞെടുക്കുന്ന നടപടികളുമായി ബിജെപി ദേശീയ നേതൃത്വം മുന്നോട്ടുപോകുന്നതിനിടെയാണ് എംപിമാരുടെ രാജി.