ക്രിസ്മസിന് മോഹൻലാലിന്റെ നേര് ഡൻങ്കിയും സലാറും നേർക്കുനേർ

Thursday 07 December 2023 6:05 AM IST

ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ ക്ളാഷ് റിലീസ്

ആവേശം ഉയർത്തി ഷാരൂഖ് ഖാൻ - രാജ് കുമാർ ഹിരാനി ചിത്രം ഡൻങ്കിയും പ്രശാന്ത് നീൽ- പ്രഭാസ് കൂട്ടുകെട്ടിൽ എത്തുന്ന സലാറും ഡിസംബർ 22ന് റിലീസ് ചെയ്യും. ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ ക്ളാഷ് റിലീസാണ് സംഭവിക്കാൻ പോവുന്നത്.

മുന്നഭായ് എം.ബി.ബി.എസ്, 3 ഇഡിയറ്റ്സ്, പികെ എന്നീ മൂന്ന് ചിത്രങ്ങൾ മതി രാജ് കുമാർ ഹിരാനി എന്ന സംവിധായകന്റെ പ്രശസ്തി അറിയാൻ. പത്താൻ, ജവാൻ എന്നീ ബോക്സ് ഒാഫീസ് റെക്കോർഡുകൾക്കു ശേഷം ഇൗവർഷം എത്തുന്ന മൂന്നാമത്തെ ഷാരൂഖ് ഖാൻ ചിത്രമാണ് ഡൻങ്കി. രാജ് കുമാർ ഹിരാനിയും ഷാരൂഖ് ഖാനും ആദ്യമായാണ് ഒരുമിക്കുന്നത്.തപ്‌സി പന്നു ആണ് നായിക. കെ.ജി.എഫ് സിനിമകളിലൂടെ പ്രശസ്തനായ പ്രശാന്ത് നീലിനൊപ്പം പ്രഭാസ് ഒരുമിക്കുമ്പോൾ ആരാധക പ്രതീക്ഷ വാനോളം ഉയരുന്നു. മലയാളത്തിൽ നിന്ന് പൃഥ്വിരാജിന്റെ സാന്നിദ്ധ്യമാണ് സലാറിന്റെ മറ്റൊരു ആകർഷണീയത.പാൻ ഇന്ത്യൻ ചിത്രമായി ഒരുങ്ങുന്ന സലാറിൽ ശ്രുതി ഹാസൻ ആണ് മറ്റൊരു പ്രധാന താരം. മോഹൻലാൽ - ജീത്തു ജോസഫ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന നേര് ഡിസംബർ 21ന് റിലീസ് ചെയ്യും. കോർട്ട് റൂം ഡ്രാമയായി ഒരുങ്ങുന്ന നേരിൽ പ്രിയാമണിയാണ് നായിക. ജഗദീഷ്, സിദ്ദിഖ്, ഗണേഷ് കുമാർ, അനശ്വര രാജൻ, ശാന്തി മായാദേവി തുടങ്ങിയവരാണ് മറ്റു താരങ്ങൾ. ജീത്തുജോസഫും ശാന്തി മായാദേവിയും ചേർന്നാണ് രചന. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് നിർമ്മാണം.