ഗോസിപ്പുകൾക്ക് നോ പറഞ്ഞ് അഭിഷേകും ഐശ്വര്യയും

Thursday 07 December 2023 6:00 AM IST

വിവാഹമോചന വാർത്തകൾക്ക് വിരാമിട്ട് അഭിഷേക് ബച്ചനും ഐശ്വര്യ റായ് യും ഒരുമിച്ചു പൊതുവേദിയിൽ. നെറ്റ് ഫ്ളിക്സിന്റെ പുതിയ ചിത്രമായ ദ് ആർച്ചീസിന്റെ സ്പെഷ്യൽ പ്രീമിയറിന് കുടുംബ സമേതമാണ് അഭിഷേകും ഐശ്വര്യയും എത്തിയത്.

അമിതാഭ് ബച്ചന്റെ മകൾ ശ്വേത ബച്ചന്റെ മകൻ അഗസ്ത്യനന്ദ ദ് ആർച്ചീസിലെ പ്രധാന താരമാണ്. അമിതാഭ് ബച്ചൻ, ജയ ബച്ചൻ, ശ്വേത നന്ദ, ഐശ്വര്യ റായ്, അഭിഷേക്, ആരാധ്യ എന്നിവർ സ്പെഷ്യൽ പ്രീമിയറിന് ശ്രദ്ധാകേന്ദ്രമായി. ബച്ചൻ കുടുംബത്തിൽ ഭിന്നതായണെന്നും അഭിഷേകും ഐശ്വര്യയും ഉടൻ പിരിയുമെന്നും ബോളിവുഡ് മാധ്യമങ്ങളിലാണ് ആദ്യം വാർത്ത വന്നത്. കഴിഞ്ഞദിവസം നടന്ന ഒരു പരിപാടിയിൽ അഭിഷേക് വിവാഹമോതിരം ധരിക്കാതിരുന്നതും ചർച്ചയായി. എന്നാൽ എല്ലാം വെറും ഉൗഹാപോഹങ്ങൾ മാത്രമാണെന്ന് ചിത്രങ്ങൾ വ്യക്തമാക്കുന്നു. ഏറെ സന്തോഷവതിയായി ബച്ചനോടും ജയയോടും ഇടപെഴകുന്ന ഐശ്വര്യയെ വീഡിയോയിലും ചിത്രങ്ങളിലും കാണാം. ഷാരൂഖ് ഖാന്റെ മകൾ സുഹാന ഖാൻ, ശ്രീദേവിയുടെ മകൾ ഖുഷി കപൂർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സോയ അക്തർ സംവിധാനം ചെയ്യുന്ന ദ ആർച്ചീസ് ഇന്ന് സ്ട്രീം ചെയ്യും.