ഷഹ്നയുടെ മരണത്തില്‍ ഡോക്ടര്‍ റുവൈസിനെ പ്രതി ചേര്‍ത്തു, പൊലീസ് നടപടി അമ്മയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍

Wednesday 06 December 2023 10:44 PM IST

തിരുവനന്തപുരം: മെഡിക്കല്‍ കോളേജിലെ യുവ ഡോക്ടര്‍ ഷഹ്നയുടെ ആത്മഹത്യയില്‍ ആരോപണവിധേയനെ പ്രതി ചേര്‍ത്തു. ഡോക്ടര്‍ റുവൈസിനെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റവും സ്ത്രീധന നിരോധന നിയമം അനുസരിച്ചുള്ള വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. നേരത്തെ അസ്വാഭാവിക മരണത്തിനാണ് കേസ് എടുത്തിരുന്നത്. ഇപ്പോള്‍ ഷഹ്നയുടെ സഹോദരിയുടേയും അമ്മയുടേയും മൊഴിയുടെ അടിസ്ഥാനത്തിലാണ് റുവൈസിനെ പ്രതിചേര്‍ത്തത്.

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പൊലീസ് റുവൈസിനെതിരെ കേസെടുക്കാത്തത് സംബന്ധിച്ച് ആക്ഷേപമുണ്ടായിരുന്നു. ഇന്ന് രാത്രി പൊലീസ് ഷഹ്നയുടെ മാതാവിന്റെ മൊഴി രേഖപ്പെടുത്തിയപ്പോഴാണ് ഷഹ്ന സംസ്ഥാന പി.ജി. ഡോക്ടേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റായിരുന്ന റുവൈസുമായി അടുപ്പത്തിലായിരുന്നുവെന്നും പിന്നീട് വിവാഹം ആലോചിച്ചിരുന്നുവെന്നും പറഞ്ഞത്. വിവാഹ ആലോചനയുടെ ഭാഗമായി വീട്ടിലെത്തിയപ്പോള്‍ വലിയ സ്ത്രീധനമാണ് ചോദിച്ചതെന്നും മാതാവിന്റെ മൊഴിയില്‍ കൃത്യമായി പറയുന്നു.

വിവാഹം മുടങ്ങിയതിനെ തുടര്‍ന്ന് ഒരുമാസത്തോളം ഷഹ്ന വീട്ടില്‍ തന്നെയായിരുന്നു താമസം. പിന്നീട് വീട്ടുകാര്‍ കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കി മെഡിക്കല്‍ കോളേജിലേക്ക് മടക്കി അയക്കുകയായിരുന്നു. എന്നാല്‍ വീട്ടില്‍ നിന്ന് തിരികെ പോയ ഷഹ്ന ആത്മഹത്യ ചെയ്യുകയായിരുന്നു. വിവാഹം മുടങ്ങിയതുമായി ബന്ധപ്പെട്ട മനോവിഷമമാണ് ആത്മഹത്യക്ക് കാരണമെന്ന് അമ്മ തറപ്പിച്ച് പറയുകയും സഹോദരിയും ഇതേ മൊഴി നല്‍കുകയും ചെയ്തതോടെയാണ് റുവൈസിനെ പ്രതി ചേര്‍ത്തത്.

വിവാഹം നിശ്ചയിച്ചതിന് പിന്നാലെ അഞ്ചേക്കര്‍ സ്ഥലവും ഒരു കാറും സ്ത്രീധനമായി നല്‍കാമെന്ന് ഷഹ്നയുടെ ബന്ധുക്കള്‍ യുവാവിന്റെ വീട്ടുകാരെ അറിയിച്ചു. എന്നാല്‍ അത് പോരെന്നും കാര്‍ ബിഎംഡബ്ല്യു തന്നെ വേണമെന്നും 15 ഏക്കര്‍ സ്ഥലവും അതിന് പുറമേ സ്വര്‍ണവും വേണമെന്നും ശാഠ്യം പിടിക്കുകയായിരുന്നു. ഇത് കഴിയില്ലെന്ന് പറഞ്ഞതോടെയാണ് ഡോക്ടര്‍ റുവൈസും ബന്ധുക്കളും വിവാഹത്തില്‍ നിന്ന് പിന്മാറിയത്.

പിജി പഠനകാലത്തിന്റെ തുടക്കത്തില്‍ തന്നെ ഷഹ്നയുടെ വിവാഹം ഉറപ്പിച്ചിരുന്നുവെന്നും സ്ത്രീധനവുമായി ബന്ധപ്പെട്ട തര്‍ക്കം മൂലമാണ് വിവാഹം മുടങ്ങിയതെന്നും ഷഹ്നയുടെ കുടുംബം പൊലീസില്‍ നല്‍കിയ മൊഴിയില്‍ ആരോപിച്ചു.വിവാഹത്തിനായി വീടിന്റെ പെയിന്റ് പണിയുള്‍പ്പെടെ നടത്തിയിരുന്നു. ഈ സമയത്താണ് ഭീമമായ തുക സ്ത്രീധനമായി ആവശ്യപ്പെട്ട് വരന്റെ ബന്ധുക്കളെത്തിയതെന്നും കുടുംബം ആരോപിച്ചു.

വിവാഹം മുടങ്ങിയതിന് പിന്നാലെ ഷഹ്ന ഡിപ്രഷനുള്‍പ്പെടെ അനുഭവിച്ചിരുന്നെന്നും സഹോദരന്‍ പറഞ്ഞു. ഷഹ്നയുടെ മരണത്തില്‍ പൊലീസ് ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണവുമായി മുന്നോട്ട് പോവുകയാണ് പൊലീസ്.ബന്ധുക്കളുടെ ആരോപണം സാധൂകരിക്കുന്ന വാക്കുകള്‍ ഷഹ്നയുടെ ആത്മഹത്യാക്കുറിപ്പിലും ഉണ്ടായിരുന്നു. 'വാപ്പ പോയി, എനിക്ക് ആശ്രയമില്ലാതായി, കൊട്ടക്കണക്കിന് സ്ത്രീധനം നല്‍കാന്‍ എനിക്കാരുമില്ല. സ്നേഹബന്ധത്തിന് ഈ ഭൂമിയില്‍ വിലയില്ല. എല്ലാം പണത്തിന് വേണ്ടി മാത്രം'- എന്നായിരുന്നു ഷഹ്നയുടെ മുറിയില്‍ നിന്ന് കണ്ടെടുത്ത ആത്മഹത്യക്കുറിപ്പില്‍ ഉണ്ടായിരുന്നത്.

അന്വേഷണത്തിന്റെ ഭാഗമായി ബന്ധുക്കളുടെ ആരോപണവും പൊലീസ് പരിശോധിക്കും. ഷഹ്നയുടെ മൊബൈല്‍ ഫോണും പരിശോധനയ്ക്ക് വിധേയമാക്കും.സര്‍ജറി വിഭാഗത്തില്‍ രണ്ടാംവര്‍ഷ പിജി ഡോക്ടറായ വെഞ്ഞാറമൂട് മൈത്രീ നഗര്‍ നാസ് മന്‍സിലില്‍ പരേതനായ അബ്ദുള്‍ അസീസിന്റെയും ജമീലയുടെയും മകള്‍ ഇരുപത്തേഴുകാരി ഷഹ്നയെ കഴിഞ്ഞദിവസമാണ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. രാത്രി ഡ്യൂട്ടിയ്ക്ക് കയറേണ്ടിരുന്ന ഷഹ്ന എത്താതിരുന്നതിനെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.