നഴ്സിംഗ് പ്രവേശനം വാഗ്ദാനം ചെയ്ത് 93 ലക്ഷം തട്ടിയ രണ്ട് പേർ അറസ്റ്റിൽ

Thursday 07 December 2023 4:53 AM IST

കായംകുളം: കേരളത്തിലെ വിവിധ കോളേജുകളിൽ നഴ്സിംഗിന് അഡ്മിഷൻ തരപ്പെടുത്തി കൊടുക്കാമെന്ന് പറഞ്ഞ് 93 ലക്ഷത്തോളം രൂപ തട്ടിയ കേസിൽ രണ്ട് പേർ അറസ്റ്റിൽ.
മലപ്പുറം ചേലേമ്പ്ര കരുമാടകത്ത് വീട്ടിൽ സഹാലുദ്ദീൻ അഹമ്മദ് (26), തിരുവനന്തപുരം തിരുവല്ലം നെല്ലിയോട് മേലേ നിരപ്പിൽ കൃഷ്ണ കൃപയിൽ വാടകയ്ക്ക് താമസിക്കുന്ന ബീന (44) എന്നിവരെയാണ് കായംകുളം പൊലീസ് അറസ്റ്റുചെയ്തത്.

രണ്ടാം പ്രതിയായ ബീന തിരുവനന്തപുരത്തെ ജീവജ്യോതി എഡ്യൂക്കേഷൻ ട്രസ്റ്റ് എന്ന സ്ഥാപനം നടത്തിവരികയായിരുന്നു. മുമ്പ് ഹീരാ കോളേജ് ഒഫ് എൻജിനിയറിംഗിൽ അഡ്മിഷൻ മാനേജരായിരുന്നു. വ്യാജ അലോട്ട്മെന്റ് മെമ്മോകളും സർക്കുലറുകളും തയ്യാറാക്കി പരാതിക്കാരി ഉൾപ്പടെ പലരെയും വിശ്വസിപ്പിച്ചാണ് ലക്ഷങ്ങൾ തട്ടിയത്.

ബീന സമാനകേസിൽ മാവേലിക്കര,​ എറണാകുളം,​ പുത്തൻകുരിശ് പൊലീസിന്റെ പിടിയിലായിട്ടുണ്ട്. ആലപ്പുഴ ജില്ലാ പൊലീസ് മേധാവി ചൈത്ര തെരേസ ജോണിന്റെ നിർദ്ദേശാനുസരണം കായംകുളം ഡിവൈ.എസ്.പി. അജയ്നാഥിന്റെ മേൽനോട്ടത്തിൽ കായംകുളം സി.ഐ. മുഹമ്മദ് ഷാഫി, എസ്.ഐ. ശ്രീകുമാർ, എ.എസ്.ഐ.മാരായ റീന, ജയലക്ഷ്മി, പൊലീസുകാരായ വിഷ്ണു, അനീഷ്, സബീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

Advertisement
Advertisement