അനധികൃത മത്സ്യബന്ധനം: ബോട്ട് ഫിഷറീസ് വകുപ്പ് പിടികൂടി

Thursday 07 December 2023 4:01 AM IST

കൊടുങ്ങല്ലൂർ: തീരത്തോട് ചേർന്ന് അനധികൃത മത്സ്യബന്ധനം നടത്തിയ (കരവലി) ബോട്ട് ഫിഷറീസ് വകുപ്പ് പിടിച്ചെടുത്തു പിഴ ചുമത്തി. അഴീക്കോട് സ്വദേശി പണിക്കവീട്ടിൽ സിയാദ് എന്നയാളുടെ ഉടമസ്ഥതയിലുള്ള ഷഹാന ( മാലിക് 3) എന്ന ബോട്ടാണ് അഴീക്കോട് ഫിഷറീസ് സ്റ്റേഷൻ അധികൃതർ പിടിച്ചെടുത്തത്. തീരക്കടലിൽ നിന്നും കൂട്ടത്തോടെ മത്സ്യങ്ങളെ കോരിയെടുക്കുന്ന മത്സ്യബന്ധനം നടത്തുന്ന രീതി (കരവലി) മത്സ്യ സമ്പത്ത് കുറയാനിടയാക്കും. ഇതിലൂടെ പരമ്പരാഗത മത്സ്യത്തൊഴിലാളിക്ക് മത്സ്യലഭ്യത കുറയും എന്ന് കാണിച്ച് പരമ്പരാഗത മത്സ്യത്തൊഴിലാളികൾ നൽകിയ പരാതിയിൽ അഴീക്കോട് ഫഷറീസ് സ്റ്റേഷൻ അസിസ്റ്റന്റ് ഡയറക്ടർ എം.എഫ്. പോളിന്റെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം തീരക്കടലിൽ നടത്തിയ പരിശോധനയിലാണ് അനധികൃത മത്സ്യബന്ധന ബോട്ട് പിടിച്ചെടുത്തത്. അഴീക്കോട് മുതൽ കാപ്രിക്കാട് വരെയുള്ള സമുദ്ര ഭാഗത്ത് നിരീക്ഷണം ശക്തമാക്കി വരവേയാണ് അഴീക്കോട് ഭാഗത്ത് നിന്ന് വന്ന ബോട്ട് പിടിയിലായത്. നിയമനടപടികൾ പുർത്തിയാക്കിയ ബോട്ടിലെ മത്സ്യം അഴീക്കോട് ഫിഷ് ലാൻഡിംഗ് സെന്ററിൽ പരസ്യ ലേലം ചെയ്ത് ലഭിച്ച തുക സർക്കാരിലേക്ക് കണ്ടുകെട്ടി. അനധികൃത മത്സ്യബന്ധനം നടത്തിയതിന് 1,20,000 രൂപ സർക്കാരിലേക്ക് പിഴ ഇടാക്കി.