ഗാസയിൽ മരണസംഖ്യ ഉയരുന്നു, നെതന്യാഹുവിന് മുന്നറിയിപ്പുമായി ജപ്പാൻ
ടെൽ അവീവ്: ഗാസയിൽ കൊല്ലപ്പെടുന്ന സാധാരണക്കാരുടെ എണ്ണം കുതിച്ചുയരുന്നതിനിടെ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന് മുന്നറിയിപ്പുമായി ജപ്പാൻ രംഗത്ത്. സാധാരണക്കാർക്കിടെയിൽ മരണസംഖ്യ ഉയരുന്നത് തടയണമെന്നും സ്ഥിതിഗതികൾ വേഗത്തിൽ ശാന്തമാക്കണമെന്നും ജാപ്പനീസ് പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദ നെതന്യാഹുവുമായി നടത്തിയ ഫോൺ സംഭാഷണത്തിൽ ചൂണ്ടിക്കാട്ടി. ഗാസയിൽ സിവിലിയൻ അപകടങ്ങൾ കുറയ്ക്കണമെന്നും മാനുഷിക നിയമങ്ങൾ അടക്കം അന്താരാഷ്ട്ര നിയമങ്ങൾ പാലിക്കപ്പെടണമെന്നും കിഷിദ വ്യക്തമാക്കി. സാധാരണക്കാർക്കെതിരെയുള്ള ആക്രമണങ്ങൾ ഒഴിവാക്കണമെന്ന് കാട്ടി യു.എസ് അടക്കമുള്ള രാജ്യങ്ങൾ ഇസ്രയേലിന് മേൽ സമ്മർദ്ദം ശക്തമാക്കുന്നതിനിടെയാണ് ജപ്പാന്റെ പ്രതികരണം. അതേ സമയം, തെക്കൻ ഗാസയിലെ ഖാൻ യൂനിസിൽ അഭയാർത്ഥികൾ കഴിഞ്ഞിരുന്ന സ്കൂളിൽ ഇസ്രയേൽ നടത്തിയ ബോംബാക്രമണത്തിൽ 25 പേർ കൊല്ലപ്പെട്ടെന്ന് ഹമാസ് അറിയിച്ചു. നുസൈറത്ത് അഭയാർത്ഥി ക്യാമ്പിലുണ്ടായ വ്യോക്രമണത്തിൽ ആറ് പേർ കൊല്ലപ്പെട്ടു. വടക്കൻ ഗാസയിലെ ഇൻഡോനേഷ്യൻ ആശുപത്രിക്ക് സമീപമുള്ള ടണലിൽ ഒളിവിൽ കഴിഞ്ഞ അഞ്ച് ഹമാസ് കമാൻഡർമാരെ ഇസ്രയേൽ സൈന്യം വധിച്ചു. അതിനിടെ, വെസ്റ്റ് ബാങ്കിലെ അതിക്രമങ്ങളുമായി ബന്ധപ്പെട്ട ഇസ്രയേലി വംശജർക്ക് വിസാ നിയന്ത്രണം ഏർപ്പെടുത്തുമെന്ന് യു.എസ് പ്രഖ്യാപിച്ചു. വെസ്റ്റ് ബാങ്കിൽ ഇസ്രയേൽ റെയ്ഡിനിടെ ഇന്നലെ രണ്ട് പാലസ്തീനികൾ കൊല്ലപ്പെട്ടു.