ഷഹനയുടെ ആത്മഹത്യയിൽ റുവൈസ് അറസ്റ്റിൽ; കുറ്റം തെളിഞ്ഞാൽ ബിരുദം റദ്ദാക്കുമെന്ന് ആരോഗ്യ സർവകലാശാല

Thursday 07 December 2023 12:01 PM IST

തിരുവനന്തപുരം: മെഡിക്കൽ കോളേജിലെ പിജി വിദ്യാർത്ഥിനി ഡോ. ഷഹനയുടെ ആത്മഹത്യയിൽ സുഹൃത്തായ ഡോ. റുവൈസ് അറസ്റ്റിൽ. മെഡിക്കൽ കോളേജ് പൊലീസാണ് റുവൈസിനെ അറസ്റ്റ് ചെയ്തത്. ഇയാളെ ഇന്ന് വൈകിട്ട് കോടതിയിൽ ഹാജരാക്കും. പുലർച്ചെ കൊല്ലം കരുനാഗപ്പള്ളിയിലെ ബന്ധുവിന്റെ വീട്ടിൽ നിന്നായിരുന്നു റുവൈസിനെ കസ്റ്റഡിയിലെടുത്തത്. തുടർന്ന് മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

നേരത്തെ റുവൈസിനായി ഹോസ്റ്റലിലും ബന്ധു വീടുകളിലും അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. ഇന്നലെയാണ് റുവൈസിനെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്. ഡോ. ഷഹനയെ വിവാഹം കഴിക്കാമെന്ന് റുവൈസ് വാഗ്ദാനം ചെയ്തിരുന്നു. ഉയർന്ന സ്ത്രീധനം കിട്ടില്ലെന്ന് വന്നതോടെ വിവാഹത്തിൽ നിന്ന് ഡോ. റുവൈസ് പിന്മാറിയെന്നും ഇതാണ് ഷഹന ജീവനൊടുക്കാൻ കാരണമെന്നും ബന്ധുക്കൾ ആരോപിച്ചിരുന്നു. കൊല്ലം ശക്തികുളങ്ങര സ്വദേശിയാണ് റുവൈസ്. കസ്റ്റഡിയിലെടുക്കാന്‍ വൈകിയാല്‍ ഇന്ന് റുവൈസ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കാന്‍ നീക്കം നടത്തുമെന്ന വിവരവും പൊലീസിന് ലഭിച്ചിരുന്നു.

അതേസമയം, റുവൈസ് കുറ്റക്കാരനാണെന്ന് കോടതി വിധിച്ചാൽ എംബിബിഎസ് ബിരുധം റദ്ദാക്കുമെന്ന് ആരോഗ്യ സർവകലാശാല വിസി ഡോ. മോഹനൻ കുന്നുമൽ പറഞ്ഞു. സ്ത്രീധനം വാങ്ങുകയോ കൊടുക്കുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്തതായി തെളിഞ്ഞാൽ ബിരുദം റദ്ദാക്കുമെന്ന് പ്രവേശന സമയത്ത് തന്നെ എല്ലാ വിദ്യാർത്ഥികളിൽ നിന്നും സത്യവാങ്മൂലം വാങ്ങാറുണ്ടെന്നും വിസി ഒരു മാദ്ധ്യമത്തോട് പറഞ്ഞു. സ്ത്രീധന നിരോധന നിയമപ്രകാരം കുറ്റക്കാരാണെന്ന് തെളിഞ്ഞാൽ കോഴ്സ് റദ്ദാക്കുന്നതിനും ബിരുദം റദ്ദാക്കുന്നതിനും സമ്മതമാണെന്നാണ് വിദ്യാർത്ഥികളിൽനിന്ന് സത്യവാങ്മൂലം വാങ്ങുന്നത്. തുടക്കത്തിൽ എല്ലാ വിദ്യാർത്ഥികളിൽ നിന്നും ഒരുമിച്ചാണ് വാങ്ങിയത്. ഇപ്പോൾ ഓരോ ബാച്ചിന്റെ തുടക്കത്തിലും പ്രിന്‍സിപ്പൾ സത്യവാങ്മൂലം വാങ്ങുന്നുണ്ട്. നിയമപരമായി ഇത് നിലനിൽക്കുമോ എന്ന കാര്യം വ്യക്തമല്ലെന്നും വിസി പറഞ്ഞു.