നവജാതശിശുവിന്റെ മുഖത്ത് തുടർച്ചയായി വെളളം ഒഴിച്ച് കൊലപ്പെടുത്തി; ഇരുപതുകാരിയായ അമ്മ അറസ്റ്റിൽ
പത്തനംതിട്ട: തിരുവല്ലയിലെ നവജാതശിശുവിന്റെ മരണം കൊലപാതകമെന്ന് പൊലീസ്. സംഭവത്തിൽ കുഞ്ഞിന്റെ അമ്മ മല്ലപ്പളളി സ്വദേശിനി നീതുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രസവിച്ചതിന് പിന്നാലെ കുഞ്ഞിന്റെ മുഖത്ത് തുടർച്ചയായി വെള്ളം ഒഴിച്ചാണ് പ്രതി കൃത്യം നടത്തിയതെന്നാണ് പൊലീസ് പറയുന്നത്.
കഴിഞ്ഞ വെളളിയാഴ്ചയാണ് യുവതി ഹോസ്റ്റൽ മുറിയിൽ വച്ച് കുഞ്ഞിന് ജൻമം നൽകിയത്. കുഞ്ഞിനെ മടിയിൽ കിടത്തി നീതു തുടർച്ചയായി മുഖത്തേക്ക് വെളളം ഒഴിക്കുകയായിരുന്നു. ശ്വാസകോശത്തിൽ വെളളം എത്തിയതാണ് കുഞ്ഞിന്റെ മരണത്തിന് കാരണമെന്നാണ് പോസ്റ്റ്മോർട്ടത്തിൽ പറയുന്നത്. നീതു ഗർഭിണിയായിരുന്ന വിവരം ഹോസ്റ്റലിലുളളവരോ ബന്ധുക്കളോ അറിഞ്ഞിരുന്നില്ലെന്നാണ് ലഭിക്കുന്ന വിവരം.
തൃശൂർ സ്വദേശിയായ കാമുകനിൽ നിന്നാണ് ഗർഭം ധരിച്ചതെന്ന് നീതു പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. കൊലപാതകത്തിൽ കാമുകന് പങ്കുണ്ടോയെന്നും അന്വേഷിച്ച് വരികയാണെന്നും പൊലീസ് അറിയിച്ചു.