ആകാശപാതയെ ചൊല്ലി വീണ്ടും നിയമ യുദ്ധം
കോട്ടയം : ഹൈക്കോടതി പറഞ്ഞു ഒന്നുകിൽ പൊളിച്ചു മാറ്റുക, അല്ലെങ്കിൽ പണി പൂർത്തിയാക്കുക.... രണ്ടും നടന്നില്ല. എട്ടുവർഷമായി എട്ടുകാലിവലപോലെ നിലം തൊടാതെ നിൽക്കുന്ന കോട്ടയത്തെ ആകാശപാത വിഷയം വീണ്ടും കോടതി കയറുകയാണ്. അതും കോടതിയലക്ഷ്യ ഹർജിയായി. കോട്ടയം സ്വദേശിയായ ശ്രീകുമാറാണ് ഹർജിക്കാരൻ. മൂന്നു മാസത്തിനുള്ളിൽ ബലപരിശോധന നടത്തി റിപ്പോർട്ട് നൽകാൻ പാലക്കാട് ഐ.ഐ.ടിയെ കോടതി ചുമതലപ്പെടുത്തിയിരുന്നു. എന്നാൽ പരിശോധിച്ച് അഞ്ചു മാസമായിട്ടും ഒരനക്കവുമില്ല.
അതേസമയം ആകാശപാത എം.എൽ.എ ഫണ്ട് ഉപയോഗിച്ച് തീർക്കാമെന്ന് പറഞ്ഞിട്ടും ഇട്ടു തല്ലുകയാണെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ പറഞ്ഞു. .വികസനത്തിൽ രാഷ്ട്രീയം കളിക്കുന്ന സർക്കാരിലല്ല ഹൈക്കോടതിയിലാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വികസന പദ്ധതികൾക്ക് തുരങ്കംവയ്ക്കുന്നു : തിരുവഞ്ചൂർ
കോടിമത പാലം അടക്കം മണ്ഡലത്തിലെ എട്ടു പാലങ്ങളുടെ ടെൻഡർ വിളിച്ചിരുന്നു. കോടിമത പാലത്തെ മാത്രം ഇതിൽ നിന്ന് ഒഴിവാക്കി. 10 കോടിയിൽ തീരേണ്ട പദ്ധതിപൂർത്തിയാക്കാൻ ഇനി എട്ടു കോടി കൂടി വേണ്ടി വരും.
നാഗമ്പടം നെഹൃസ്റ്റേഡിയം മണ്ണിട്ട് ഉയർത്തി സിന്തറ്റിക് ട്രാക്ക് അടക്കം സംവിധാനമേർപ്പെടുത്താൻ 107 കോടിയുടെ പദ്ധതി
ആദ്യ സ്പോർട്സ് കോളേജ് എന്നു വിശേഷിപ്പിക്കാവുന്ന ചിങ്ങവനം സ്പോർട്സ് കോംപ്ലക്സ് നിർമാണോദ്ഘാടനം നടത്തിയിട്ട് 7 വർഷം
ജനറൽ ആശുപത്രിയ്ക്ക് ബഹുനിലമന്ദിരം നിർമ്മിക്കാനുള്ള കോടികളുടെ പദ്ധതിയും കടലാസിൽ
കോട്ടയം കെ.എസ്.ആർ.ടിസി കോംപ്ലക്സിന് തറക്കല്ലിട്ടിട്ട് വർഷങ്ങളായി. പൂർത്തിയായത് ബസ് ബേ മാത്രം
പി.ഡബ്ല്യു.ഡി റോഡുകളുടെ നവീകരണത്തിന് ഫണ്ട് അനുവദിക്കാത്തതിനാൽ അറ്റകുറ്റപ്പണി നടക്കുന്നില്ല
നട്ടാശേരി റഗുലേറ്റർ കം ഓവർബ്രിഡ്ജ് പൂർത്തിയായിരുന്നെങ്കിൽ മീനച്ചിലാറ്റിൽ ഉപ്പുവെള്ളം കയറില്ലായിരുന്നു