ജീവനെടുത്ത സ്‌ത്രീധന മോഹം

Friday 08 December 2023 12:04 AM IST

പണത്തേക്കാൾ ആദർശങ്ങൾക്കും തത്വങ്ങളിൽ നിന്ന് വ്യതിചലിക്കാത്ത ജീവിതശൈലിക്കും പ്രസക്തിയുണ്ടായിരുന്ന ഒരു കാലഘട്ടം കേരളത്തിനുണ്ടായിരുന്നു. പണത്തിനു പിന്നാലെയുള്ള ആർത്തിപിടിച്ചുള്ള ഓട്ടത്തിൽ ആ നല്ല നാളുകൾ പിന്നിലേക്ക് മറയുകയാണ്. വലിയ വീട്, വിലകൂടിയ കാർ, ആഡംബര ജീവിതശൈലി എന്നിവയില്ലെങ്കിൽ ജീവിതം തന്നെയില്ല എന്നൊരു ചിന്താഗതി പുതിയ തലമുറയെയും ബാധിച്ചിരിക്കുന്നു എന്നു വ്യക്തമാക്കുന്ന ദുരന്ത സംഭവങ്ങളാണ് ഇപ്പോൾ തുടരെ ഉണ്ടാകുന്നത്.

'എല്ലാവർക്കും വേണ്ടത് പണമാണ്, എല്ലാത്തിലും വലുത് പണമാണ്" എന്ന് കുറിപ്പെഴുതിയിട്ടാണ് ഡോ. ഷഹന സ്വയം മരണം വരിച്ചത്. പിന്നീട് പുറത്തുവന്ന വാർത്തകളിലൂടെ സ്‌ത്രീധനം എന്ന ദുരാചാരമാണ് ആ യുവ ഡോക്ടറുടെ അന്ത്യത്തിനു കാരണമായതെന്ന് വ്യക്തമാവുകയാണ്. പ്രണയം പോലും സ്‌ത്രീധനത്തിനു മുന്നിൽ കുമ്പിട്ട് മടങ്ങിയതിന്റെ മനോവേദനയിൽ നിന്നാണ് ആത്മഹത്യയ്ക്കു മുമ്പ് പണത്തെപ്പറ്റി പരാമർശിക്കുന്ന ആ വരികൾ എഴുതിയതെന്ന് മനസ്സിലാക്കാനാകും. അവരുടെ സ്‌ത്രീധന മോഹം മൂലം എന്റെ ജീവിതം അവസാനിക്കുന്നു എന്നും കുറിപ്പിൽ ആ കുട്ടി എഴുതിയിരുന്നതായും സൂചനയുണ്ട്.

സ്‌ത്രീധനം വാങ്ങുന്നതും കൊടുക്കുന്നതും നിയമപരമായി കുറ്റമാണെങ്കിലും ഒരു നാട്ടുനടപ്പുപോലെ അതിപ്പോഴും തുടരുന്നവർ ഈ നാട്ടിൽ കുറവല്ല. അതേസമയം പണത്തെ സംബന്ധിച്ച ഒരു പരാമർശം പോലുമില്ലാതെ മാന്യമായ രീതിയിൽ നടക്കുന്ന വിവാഹങ്ങളുമുണ്ട്. എന്നാൽ അത്തരം വിവാഹങ്ങളുടെ എണ്ണം വളരെ കുറഞ്ഞുവരികയാണെന്നതാണ് ദുഃഖകരമായ വസ്തുത. പ്രണയത്തിനുവേണ്ടി രാജകൊട്ടാരങ്ങൾ വരെ ഉപേക്ഷിച്ച കഥകൾ പഴഞ്ചനായിരിക്കുന്നു. പണത്തിനു വേണ്ടി പ്രണയം ഉപേക്ഷിക്കുന്ന കഥകളാണ് ഇന്ന് കൂടുതലും. വാരിക്കോരി സ്‌ത്രീധനം നൽകിയ വിവാഹബന്ധങ്ങൾ പോലും തകരുന്നതും തുടരെ ആവർത്തിക്കുന്നു.

പണമുള്ളതുകൊണ്ടു മാത്രം ആരുടെയും ജീവിതം സുഖകരമാകണമെന്നില്ല. ആദർശങ്ങളും വിപ്ളവവുമൊക്കെ വാക്കിൽ മാത്രമായി ചുരുങ്ങിയതിന്റെ ദുരന്തമാണിത്. സ്‌ത്രീധനം വാങ്ങില്ലെന്ന് പ്രതിജ്ഞചെയ്യാൻ മുന്നിൽ നിന്നിട്ട് അതു വാങ്ങാനും മുന്നിൽ നിൽക്കുന്ന പ്രവൃത്തിദോഷമാണ് പലരെയും ബാധിച്ചിരിക്കുന്നത്. മെഡിക്കൽ കോളേജിലെ സർജറി വിഭാഗത്തിലെ പി.ജി വിദ്യാർത്ഥിനിയായിരുന്ന ഷഹനയ്ക്ക് ഇനി എത്രയോ ധന്യമായ ജീവിതം ബാക്കിയുണ്ടായിരുന്നു. ഒപ്പം പഠിച്ചിരുന്ന പി.ജി മെഡിക്കൽ വിദ്യാർത്ഥിയുടെ കുടുംബത്തിന്റെ സ്‌ത്രീധന ആർത്തിയാണ് ആ ജീവിതം തല്ലിക്കെടുത്തിയത്. ഇതിന് കാരണക്കാരായവർക്കെതിരെ മാതൃകാപരമായ എല്ലാ നിയമ നടപടികളും ഉണ്ടാകണം.

സ്ത്രീധനം ചോദിക്കുന്നത് പുറത്തറിഞ്ഞാൽ നാണക്കേടാണെന്ന് ചോദിക്കുന്നവർക്കും അറിയാം. എന്നിരുന്നാലും കാളക്കച്ചവടത്തിലെന്ന പോലെ വിലപേശാൻ പലരും മടിക്കാത്തത് സമൂഹത്തെ ഗ്രസിച്ചിരിക്കുന്ന പണത്തിനോടുള്ള അത്യാർത്തി എന്ന രോഗം മൂലമാണ്. സ്‌ത്രീധനം ചോദിക്കുന്നവരെ കല്യാണം കഴിക്കാൻ തയ്യാറല്ലെന്ന് ധൈര്യപൂർവം പറയാനും അതനുസരിച്ച് പ്രവർത്തിക്കാനും പെൺകുട്ടികൾ മനസ് കാട്ടണം. സ്‌ത്രീധനം വാങ്ങി വിവാഹത്തിനില്ലെന്ന് ആൺകുട്ടികളും നിലപാടെടുക്കണം. നമ്മുടെ സമൂഹത്തിൽ പ്രവർത്തിക്കുന്ന യുവജന സംഘടനകൾ സ്‌ത്രീധനത്തിനെതിരെ വാക്കിൽ മാത്രമല്ല,​ പ്രവൃത്തിയിലും നിലപാടെടുക്കണം.

ഇക്കാലത്ത് മാതാപിതാക്കൾ ഏറ്റവും കൂടുതൽ പണം ചെലവഴിക്കുന്നത് പെൺകുട്ടികളുടെ വിവാഹത്തിനാണ്. റോക്കറ്റുപോലെ ഉയരുന്ന സ്വർണവിലയാകട്ടെ ആ ചെലവ് താങ്ങാവുന്നതിനപ്പുറമാക്കി മാറ്റിയിരിക്കുന്നു. അത്യാഡംബരമായി വിവാഹം നടത്തുന്ന പ്രവണതയും പ്രോത്സാഹിപ്പിക്കപ്പെടരുത്. വിവാഹം മംഗളകരമായ കർമ്മമാണ്; ആഡംബരം കാണിക്കാനുള്ള വേദിയല്ല. വിവാഹശേഷവും തുടർന്ന ആർത്തിയാണ് വിസ്‌മയ എന്ന കുട്ടിയുടെ കൊലപാതകത്തിന് ഇടയാക്കിയത്. മോട്ടോർ വാഹന വകുപ്പിലെ മാന്യമായ ജോലി ഉണ്ടായിരുന്നിട്ടും ആക്രാന്തം തുടർന്ന ഭർത്താവ് ഇപ്പോൾ ജയിലിലാണ്. ഇത്തരം സ്‌ത്രീധന മരണത്തിനും ആത്മഹത്യാ പ്രേരണയ്ക്കും മറ്റും ഇടയാക്കുന്നവർ കഴിയേണ്ട സ്ഥലം ജയിൽ തന്നെയാണ്.

Advertisement
Advertisement