കഞ്ചാവ് കേസിൽ കീഴടങ്ങിയ പ്രതിയിൽനിന്നും പിസ്റ്റൾ കണ്ടെടുത്തു

Friday 08 December 2023 1:21 AM IST

പാലക്കാട്: കഞ്ചാവ് കേസുമായി ബന്ധപ്പെട്ട് കീഴടങ്ങിയ പ്രതിയുടെ വീട്ടിൽ നിന്നും ഒരു തിരയോടുകൂടിയ പിസ്റ്റൾ കണ്ടെടുത്തു. മണ്ണൂർ പ്ലാക്കൽ വീട്ടിൽ കൃഷ്ണദാസി(41)ന്റെ പക്കൽ നിന്നാണ് മങ്കര പൊലീസ് ലൈസൻസില്ലാത്ത പിസ്റ്റൾ പിടിച്ചെടുത്തത്.

കഴിഞ്ഞ 30ന് കൃഷ്ണദാസിന്റെ മങ്കര കാരാട്ടുപറമ്പിലുള്ള വാടക വീട്ടിൽ നിന്നും 15 കിലോ കഞ്ചാവ് പിടികൂടിയിരുന്നു. പൊലീസിനെ കണ്ട് അന്ന് അവിടെ നിന്നും ഓടിരക്ഷപ്പെട്ട കൃഷ്ണദാസും മണ്ണൂർ മലമ്പള്ള പ്രവീണും(32) ഇന്നലെ മങ്കര പൊലീസിൽ കീഴടങ്ങുകയായിരുന്നു. കൃഷ്ണദാസിനെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് ഇയാളുടെ വീട്ടിൽനിന്നും പിസ്റ്റൾ കണ്ടെടുത്തത്. ഇതേ തുടർന്ന് കൃഷ്ണദാസിനെതിരെ മാരകായുധം കൈവശം വച്ചതിന് കേസെടുത്തു.


ഇരുവരെയും പാലക്കാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി രണ്ട് മുമ്പാകെ ഹാജരാക്കി റിമാൻഡ് ചെയ്തു. കേസിൽ നേരത്തെ അമ്പലപ്പാറ വേങ്ങശേരി ഷൈനുദാസ്, മങ്കര വെള്ളറോഡ് രാമദാസ് എന്നിവരെ മങ്കര പൊലീസ് അറസ്റ്റു ചെയ്തിരുന്നു. മങ്കര എസ്.ഐ. സി.ഐശ്വര്യ, എസ്.ഐമാരായ വി.ഉദയകുമാർ, റഫീക്ക്, എ.എസ്.ഐ സൈനബ, എസ്.സി.പി.ഒമാരായ ബഷീർ, സജീർ, കെ.സതീശൻ എന്നിവരാണ് കേസ് അന്വേഷിക്കുന്നത്.

Advertisement
Advertisement